ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു വന്‍ ദുരന്തം ഒഴിവായി

12
ആയഞ്ചേരി ചേറ്റു കെട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചപ്പോള്‍

ആയഞ്ചേരി: ആയഞ്ചേരി ചേറ്റു കെട്ടിയില്‍ ഓടിക്കൊണ്ടിരുന്ന പുത്തന്‍ ടൊയോട്ടോ ഗ്ലാന്‍സ് കാറിനു തീ പിടിച്ചു. കാറിലുണ്ടായിരുന്ന ഡ്രൈവറും ഭാര്യയും രക്ഷപ്പെട്ടത് നാട്ടുകാരുടെ അവസരോചിതമായ ഇടപെടലില്‍ .ഇന്നലെ വൈകുന്നേരം തിരുവള്ളൂര്‍ കാഞ്ഞിരാട്ട്തറ കുനിവയല്‍ സ്വദേശി എടക്കുടി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 18 വൈ 5977 കാറില്‍ ഭാര്യയോടൊന്നിച്ച് ആയഞ്ചേരിയിലേക്കുള്ള യാത്രയില്‍ റോഡ് സൈഡില്‍ നിന്ന ആളുകള്‍ കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട്‌കൈകാണിച്ചും വിളിച്ചു പറഞ്ഞും വാഹനം നിര്‍ത്തിക്കുകയായിരുന്നു. നിമിഷ നേരം കൊണ്ട് കാര്‍ കത്തിയമര്‍ന്നു.വടകരയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീപൂര്‍ണ്ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. ആയഞ്ചേരി പോലീസ് എയിഡ് പോസ്റ്റിലെ സതീശന്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍മാരായ ഷമേജ് കുമാര്‍, റിനീഷ്, ശീകാന്ത്, ഷിജു, ഇര്‍ഷാദ്, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും നാട്ടുകാരും തീ അണയ്ക്കാന്‍ നേതൃത്വം നല്‍കി. കഴിഞ്ഞ ഫെബ്രുവരി മാസം ഇറക്കിയ കാറാണ്. ഏകദേശം 9 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.സംഭവ സ്ഥലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമ തൈക്കണ്ടി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൊച്ചാട്ട് കുഞ്ഞബ്ദുല്ല തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.