ഏഴ് വിഭാഗങ്ങളിലുള്ളവരെയാണ് പരിശോധനക്ക് വിധേയമാക്കുക
മലപ്പുറം: കോവിഡ് സമ്പര്‍ക്ക കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ജില്ലയില്‍ 1000 സാമ്പിളുകള്‍ പരിശോധിക്കുന്നു. രണ്ടാഴ്ചക്കുള്ളില്‍ പ്രത്യേക രീതിയില്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുകയാണ് ചെയ്യുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ജില്ലയില്‍ ഇത്തരത്തില്‍ സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. ഓരോ പ്രദേശത്ത് നിന്നും ഏഴ് വിഭാഗങ്ങളില്‍ നിന്ന് പത്ത് വീതം സാമ്പിളുകളാണ് റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കുന്നത്.
ശ്വാസകോശ രോഗമുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വളണ്ടിയര്മാരുള്പ്പടെയുള്ള സാമൂഹിക പ്രവര്‍ത്തകര്‍, ട്രക്ക് ഡ്രൈവര്‍മാരും ഇവരുമായി അടുത്തിടപഴകിയവര്‍, വിദേശത്തുനിന്നെത്തിയവരിലെ രോഗലക്ഷണങ്ങളില്ലാത്തവര്‍ തുടങ്ങിയവരെയാണ് പരിശോധനക്ക് വിധേയമാക്കുന്നത്.
ഇതിനായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. ജൂണ്‍ 14 വരെയുള്ള ദിവസങ്ങളില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. ഈ പരിശോധനയിലൂടെ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതകളുണ്ടെങ്കില്‍ കണ്ടെത്താനും കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാവും. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും സമ്പര്‍ക്ക കേസുകളില്‍ ചിലതിന് ഉറവിടം കണ്ടെത്താനാവത്ത സാഹചര്യമുണ്ടാകുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടമാണിത്.
മലപ്പുറത്ത് ഇന്നലത്തെ രണ്ട് കേസുകള്‍ ഉള്‍പ്പടെ ഏഴ് ഓളം കേസുകള്‍ക്ക് ഉറവിടം കണ്ടെത്താനായിട്ടില്ല. എടപ്പാളിലെ സേലം സ്വദേശിയായ ഭിക്ഷാടകനും കുറ്റിപ്പുറം സ്വദേശിയായ റിമാന്റ് പ്രതിക്കുമാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗം ബാധിച്ചതെങ്ങനെയെന്ന് വ്യക്തമായിട്ടില്ലെന്നാണ് വിവരം. രോഗവ്യാപനത്തിന്റെ തോത് മനസ്സിലാക്കാനുള്ള സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരുടെ സാമ്പിള്‍ പരിശോധനയിലൂടെയാണ് മഞ്ചേരിയിലെ ആശവര്ക്കര്ക്കും, സ്വാകര്യം ലാബ് ജീനവക്കാരനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും രോഗ ലക്ഷണമുണ്ടായിരുന്നില്ല.
രോഗ ലക്ഷണമില്ലാതെ കോവിഡ് ബാധിതരാവുന്നരില് നിന്ന് കൂടുതല്‍ പേരിലേക്ക് അസുഖം പകരാനുള്ള സാധ്യത കുറവാണെന്നും കൂടുതല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്നും ഡി.എം.ഒ ഡോ.സക്കീന പറഞ്ഞു.
കോവിഡ് ചികിത്സയില്‍ കഴിയുന്ന യുവതി പ്രസവിച്ചു; ആണ്‍കുഞ്ഞ്
മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. വേങ്ങര സ്വദേശിനിയായ 26 കാരിയാണ് കോവിഡ് ആശങ്കകള്‍ക്കിടയിലും മാതൃത്വത്തിന്റെ മാധുര്യമറിഞ്ഞത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ട് മണിയോടെ ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. 2.5 കിലോഗ്രാമാണ് കുട്ടിയുടെ ഭാരം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. വേങ്ങര കണ്ണാട്ടിപ്പടി സ്വദേശിനിയായ ഇവര്‍ മെയ് 18നാണ് അബുദബിയില്‍ നിന്ന് കൊച്ചിയിലെത്തിയത്. 19ന് വീട്ടിലെത്തിയ ഇവരെ രോഗലക്ഷണങ്ങളോടെ 28ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ രണ്ടിനാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസവ ശസ്ത്രക്രിയക്ക് മുമ്പ് ട്രൂനാറ്റ് മെഷീനിലൂടെ നടത്തിയ സ്രവ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു.