‘ചന്ദ്രിക’ തുണയായി; നമിതക്ക് ഇനി വീട്ടിനകത്തിരുന്ന് പഠിക്കാം

വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി പഠിക്കുന്ന നമിത

എടരിക്കോട്: കോട്ടക്കല്‍ അരീക്കലിലെ നമിത നാരായണന്റെ വീട്ടില്‍ ഇന്റര്‍നെറ്റ് സൗകര്യമായി. വീട്ടില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കണമെങ്കില്‍ മഴയെത്തും വെയിലത്തും പുരപ്പുറത്തു കയറുകയേ രക്ഷയുള്ളൂവെന്ന ‘ചന്ദ്രിക’ പ്രസിദ്ധീകരിച്ച ചിത്രം കണ്ട് പ്രഫ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഇടപെടുകയായിരുന്നു. വീട്ടുകാരുമായി അദ്ദേഹം ബന്ധപ്പെടുകയും തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ പുതുപറമ്പും എം.എസ്.എഫ് ഭാരവാഹികളും വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. ഇത് പ്രകാരം എം.എല്‍.എ മൊബൈല്‍ സേവനദാതാക്കളായ ബി.എസ്.എന്‍.എല്‍, ജിയോ, എയര്‍ടെല്‍, എന്നീ കമ്പനികളുമായി ബന്ധപ്പെടുകയും ചെയ്തു. ഇവര്‍ വീട് സന്ദര്‍ശിക്കുകയും ജിയോ കമ്പനി വീട്ടില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുകയും ചെയ്തു. കുറ്റിപ്പുറം കെ.എം.സി.ടി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് നമിത നാരായണന്‍. സൗകര്യമായതോടെ ഓണ്‍ലൈന്‍ പഠനകാലം പുരപ്പുറത്തിരുന്നു പഠിച്ചുതീര്‍ക്കേണ്ടി വരുന്നതൊഴിവായ സന്തോഷത്തിലാണ് നമിത. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ സക്കീര്‍ ഹുസൈനായിരുന്നു ചിത്രം പകര്‍ത്തിയത്.