അബുദാബി: കോവിഡ് 19 സാഹചര്യത്തില്‍ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടു പോകാനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ വന്ദേ ഭാരത് മിഷനിലുള്പ്പെടുന്ന പ്രത്യേക വിമാന സര്‍വീസുകളില്‍ ഈടാക്കുന്നതിനെക്കാള്‍ കൂടുതല്‍ നിരക്ക് ഭാവിയില്‍ ഓപറേറ്റ് ചെയ്യുന്ന ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ചുമത്തിയാല്‍ അനുമതി നല്‍കില്ലെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചതായി യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന് കപൂറിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ളവരെ ഭാവിയില്‍ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ മടക്കിക്കൊണ്ടു വരുമ്പോള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നില്ലെന്ന് ഓപറേറ്ററില് നിന്നുള്ള രേഖ ചാര്‍ട്ടര്‍ ചെയ്യുന്നവര്‍ സമര്‍പ്പിക്കണമെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇനി മുതല്‍ ഈ വ്യവസ്ഥ യുഎഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ നടപ്പാക്കുകയാണെന്നും അംബാസഡര്‍ പ്രമുഖ ഇംഗ്ളീഷ് മാധ്യമത്തോട് പറഞ്ഞു. കേരളത്തിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ ഈ ഉപാധി പാലിച്ചില്ലെങ്കില്‍ അനുമതി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.