‘ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കെഎംസിസി തന്നെ ഏര്‍പ്പെടുത്തണമെന്ന പിടിവാശി ഇല്ല. സര്‍ക്കാര്‍ അതിന് തയാറായാല്‍ അതുമായി സഹകരിച്ചും കെഎംസിസി രംഗത്തുണ്ടാകും’
ഫുജൈറ: കോവിഡ് 19 ബാധമൂലം ദുരിതത്തിലായവരും നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരുമായ പ്രവാസികളെ സഹായിക്കുകയെന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് യുഎഇ കെഎംസിസി ഏര്‍പ്പെടുത്തുന്ന 30 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ആദ്യത്തേത് ബുധനാഴ്ച റാസല്‍ഖൈമ വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്രയായി. ദൈവാനുഗ്രഹവും കെഎംസിസി പ്രവര്‍ത്തകരുടെ നിരന്തരമുള്ള ശ്രമങ്ങളും കൊണ്ട് സംഘടനയുടെ സമയോചിതമായ തീരുമാനം നടപ്പാക്കാന്‍ സാധിച്ചു.
ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കെഎംസിസിയുടെ ശ്രമങ്ങള്‍ക്ക് കരുത്തേകിയ നാട്ടിലെയും വിദേശത്തെയും മുസ്ലിം ലീഗ് നേതാക്കള്‍, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോണ്‍സുലേറ്റ് മേധാവികള്‍, ട്രാവല്‍ കമ്പനികള്‍, വിമാന കമ്പനി അധികൃതര്‍ എന്നിവര്‍ക്കും ഈ ദൗത്യവുമായി സഹകരിച്ച മുഴുവനാളുകള്ക്കമുള്ള കെഎംസിസിയുടെ ആദരവും കൃതജ്ഞതയും രേഖപ്പെടുത്തുന്നതായി
കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്, ജന.സെക്രട്ടറി നിസാര്‍ തളങ്കര, ട്രഷറര്‍ അബ്ദുല്ല ഫാറൂഖി എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. സാന്ദര്‍ഭികമായി നന്ദി പറയേണ്ടത് റാസല്‍ഖൈമ കെഎംസിസിക്ക് കൂടിയാണെന്നും യാത്രക്ക് തയാറായി ഉച്ചയോടെ റാസല്‍ഖൈമ വിമാനത്താവളത്തിലെത്തിയ 175 യാത്രക്കാരാണ് ആകസ്മികമായുണ്ടായ തടസ്സങ്ങള്‍ കാരണം അനിശ്ചിതാവസ്ഥയിലായതെന്നതിനാല്, ഒരാള്‍ക്കും പരാതി പറയാനിടം കൊടുക്കാതെ അവരുടെ ഭക്ഷണ-താമസ ചുമതലകള്‍ റാസല്‍ഖൈമ കെഎംസിസി ഏറ്റെടുക്കുകയും നേതാക്കളും പ്രവര്‍ത്തകരും അവശ്യ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്തുവെന്നതും എടുത്തു പറയേണ്ടതാണ്. സാധാരണ യാത്ര മുടങ്ങിയാല്‍ ഉയരുന്ന പരിഭവങ്ങള്‍ക്ക് പോലും അവസരം കൊടുക്കാതെ അനിശ്ചിതത്വത്തിലായ യാത്രക്കാര്‍ക്ക് വേണ്ടി നിലകൊണ്ട റാസല്‍ഖൈമ ഘടകത്തിന് തങ്ങള്‍ കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
”കോവിഡ് 19 സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നഷ്ടപ്പെട്ടും ജീവിത ചുറ്റുപാടുകളില്‍ മാറ്റം വന്നും പ്രയാസത്തിലായ ലക്ഷക്കണക്കിനാളുകളുമായി സമ്പര്‍ക്കത്തിന് അവസരം ലഭിച്ച സംഘടനയാണ് കെഎംസിസി. ഞങ്ങളുടെ പ്രവര്‍ത്തകര്‍ ആത്മാര്‍പ്പണത്തോടെ നടത്തിയ കോവിഡ് പ്രതിരോധ-സേവന പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫിലെ ദുരിതത്തിലായവരുടെ നജസ്ഥിതികള് ഞങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ കൂടി സഹായകമായി. ദുരിതത്തിലായവരില്‍ ഏത് വിധേനയും നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പും വളരെ നേരത്തെ കെഎംസിസി നടത്തുകയുണ്ടായി. കൃത്യമായി ബോധ്യപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുന:സ്ഥാപിക്കപ്പെടുന്ന മുറക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ആളുകളെ നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചത്” -പ്രസ്താവന തുടര്‍ന്നു.
കേന്ദ്ര ഗവണ്മെന്റിന്റെ വന്ദേ ഭാരത് മിഷന് വഴി നാട്ടിലേക്കെത്താന്‍ കഴിയുക വളരെ പരിമിതമായ ആളുകള്ക്കാകുമെന്നും നാട്ടിലെത്താന്‍ വെമ്പല്‍ കൊള്ളുന്നവരുടെ വലിയൊരു ശതമാനത്തിന് വന്ദേ ഭാരത് മിഷന് വഴി അവസരം കിട്ടാന്‍ സമയമെടുക്കുമെന്നുമുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കിയായിരുന്നു അത്. മാത്രവുമല്ല, കെഎംസിസി ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ വന്ദേ ഭാരത് മിഷനില്‍ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കാന്‍ അത് കാരണമാകുമെന്ന ഉപദേശവും ലഭിക്കുകയുണ്ടായി. നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരില്‍ സാമ്പത്തിക പ്രയാസങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും നിരക്ക് ഈടാക്കിയും ഒപ്പം നിസ്സഹായരായവര്‍ക്ക് നിശ്ചിത സീറ്റുകള്‍ സൗജന്യ നിരക്കില്‍ മാറ്റി വച്ചുമാണ് കെഎംസിസി ഈ പദ്ധതി ആസൂത്രണം ചെയ്തത്.
ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നവര്‍ വന്ദേ ഭാരത് മിഷന് വിമാനങ്ങളിലെ ടിക്കറ്റ് നിരക്കിലേ യാത്രാ ചെലവ് ഈടാക്കാവൂ എന്ന കേരള മുഖ്യമന്ത്രിയുടെ നിര്‍ദേശം ശ്രദ്ധയില്‍ പെട്ടു. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്പ്പെടുത്തുമ്പോഴുള്ള നിരക്ക് വ്യത്യാസം എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നിട്ടും മുഖ്യമന്ത്രി ഇങ്ങനെ ഒരു നിബന്ധന മുന്നോട്ടു വെക്കുന്നതിന്റെ ലക്ഷ്യം മലയാളികള്‍ നാട്ടിലേക്കെത്തുന്ന സാഹചര്യം മുടക്കുക എന്നതാണോ എന്ന് ഞങ്ങള്‍ ന്യായമായും സംശയിക്കുന്നു. കേരളത്തെ തീറ്റിപ്പോറ്റിയ പ്രവാസികള്‍ തിരിച്ചെത്തിയാല്‍ രോഗബാധിതരുടെ എണ്ണം കൂടുമെന്നും കേരളം നമ്പര്‍ വണ്‍ എന്ന സ്ഥാനം നഷ്ടപ്പെടുമെന്നും ഭയപ്പെടുന്ന പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. കെഎംസിസിയെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് നാടുകളില്‍ യാതനക്കിരയാവാതെ നമ്മുടെ നാട്ടുകാരെ നാട്ടിലെത്തിക്കാന്‍ സാധ്യമായത് ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. ഇതൊരു അത്യാവശ്യ ഘട്ടമാണ്. ഞങ്ങള്‍ ഇതൊരു കിടമല്സരമായല്ല കാണുന്നത്. വന്ദേ ഭാരത് മിഷന് വിമാനങ്ങളുടെ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ, അല്ലെങ്കില്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്വീസുള്ക്ക് അനാവശ്യ നിബന്ധനകള്‍ പ്രഖ്യാപിച്ച് തെറ്റിദ്ധാരണ പരത്താതിരിക്കുകയോ ആണ് കേരള മുഖ്യമന്ത്രിയില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ പ്രതിനിധിയുമായി ഇന്നലെയും ഇക്കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. കെഎംസിസി പ്രവാസികളുടെ ആവശ്യവും അപേക്ഷകളും പരിഗണിച്ചാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. സാധ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലാണ് യാത്ര ഒരുക്കുന്നത്. വന്ദേ ഭാരത് നിരക്കില്‍ ടിക്കറ്റുകള്‍ നല്കി സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ടി വരുന്ന അധിക തുക കെഎംസിസി നല്‍കിയും പ്രവാസികളെ നാട്ടിലെത്തിക്കുകയെന്ന ദൗത്യം വിജയിപ്പിക്കാന്‍ ഞങ്ങള്‍ തയാറാണ്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കെഎംസിസി തന്നെ ഏര്‍പ്പെടുത്തണമെന്ന പിടിവാശി ഞങ്ങള്‍ക്കില്ല. സര്‍ക്കാര്‍ അതിന് തയാറായാല്‍ അതുമായി സഹകരിച്ചും കെഎംസിസി രംഗത്തുണ്ടാകും. നമ്മുടെ ലക്ഷ്യം നമ്മുടെ നാട്ടുകാര്‍ സുരക്ഷിതരായി വീടണയുക എന്നതാണ്. ഇക്കാര്യവും സര്‍ക്കാര്‍ പ്രതിനിധിയെ അറിയിച്ചിട്ടുണ്ട്. അനുകൂല പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. കെഎംസിസി പ്രവാസികളെ സഹായിക്കാനുള്ള ഏത് ശ്രമത്തിനും കൂടെ നില്ക്കും. അതുണ്ടാകുന്നില്ലെങ്കില്‍ ഞങ്ങളാല്‍ കഴിയുന്ന ശ്രമങ്ങള്‍ നടത്തുകയും ജനസേവനം തുടരുകയും ചെയ്യുമെന്ന കാര്യം ആവര്‍ത്തിക്കുന്നു -നേതാക്കള്‍ പ്രസ്താവനയില്‍ കുട്ടിച്ചേര്‍ത്തു.