ദുബൈ: ദുബൈ കെഎംസിസി പട്ടാമ്പി നിയോജക മണ്ഡലം ചാര്‍ട്ടര്‍ ചെയ്ത വിമാനം 177 യാത്രക്കാരുമായി വെള്ളിയാഴ്ച രാവിലെ 10.30ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. പുലര്‍ച്ചെ 4.30ന് റാസല്‍ഖൈമ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വൈദ്യ പരിചരണം ആവശ്യമുള്ളവര്‍, വിസിറ്റ് വിസയില്‍ യുഎഇയിലെത്തി കുടുങ്ങിപ്പോയവര്‍ എന്നിങ്ങനെ നൂറിലധികം വരുന്ന പട്ടാമ്പി നിയോജക മണ്ഡലത്തിലുള്ളവരും പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെയും കേരളത്തിലെ മറ്റു ജില്ലകളിലെയും വളരെ അത്യാവശ്യമായി നാട്ടിലെത്തേണ്ടവരായിരുന്നു യാത്രക്കാര്‍. വ്യാഴാഴ്ച രാത്രി 8.30ന് പി.കെ അന്‍വര്‍ നഹ ദേരയില്‍ നിന്നും യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാന കെഎംസിസി ജന.സെക്രട്ടറി മുസ്തഫ തിരൂരും അഡ്വ. സാജിദ് അബൂബക്കറും ചടങ്ങില്‍ സന്നിഹിതരായിരുന്നു. തികച്ചും അര്‍ഹരായ കുറച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്കാന് കഴിഞ്ഞു എന്നതില്‍ പട്ടാമ്പി മണ്ഡലം കമ്മിറ്റി അഭിമാനിക്കുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇങ്ങനെയൊരു ദൗത്യം നിറവേറുന്നതിന് വേണ്ടി സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി, മണ്ഡലം പ്രസിഡന്റ് ബഷീര്‍ വിളത്തൂര്‍, ജന.സെക്രട്ടറി അനസ് ആമയൂര്‍, ട്രഷറര്‍ റാഷിദ് കൊണ്ടൂര്‍ക്കര എന്നിവരോടൊപ്പം സഹ ഭാരവാഹികളായ ഇഖ്ബാല്‍, വാപ്പനു, സിദ്ദീഖ്, ജാബിര്‍, ബാബു പറക്കാട്, യൂനുസ്, ഉനൈസ്, ഷാഹുല്‍, ഫൈസല്‍ കല്പക, ആബിദ്, മുനവ്വര്‍, അലിമോന്, ഷെരീഫ് , ഹസീബ്, ഫൈസല്‍ മുതുതല, സഫര്‍, റിയാസ് പട്ടാമ്പി, ഷമീം, ഷഫീഖ് തുടങ്ങിയവരും പങ്കെടുത്തു.