
ഗല്‍വാനിലേത് ചൈന മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമെന്ന് ഇന്ത്യ
സംഘര്‍ഷം തുടരുന്നത് ബന്ധത്തെ ബാധിക്കുമെന്ന് ചൈനക്ക് മുന്നറിയിപ്പ്
അതിര്‍ത്തിയിലെ സംഘര്‍ഷം രമ്യമായി പരിഹരിക്കും
ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി
അതിര്‍ത്തിയില്‍ ഇന്ത്യയുമായി കൂടുതല്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ചൈന
ന്യൂഡല്‍ഹി: ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ചൈന മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് ഗല്‍വാന്‍ താഴ്വരയില് നടന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. 20 ഇന്ത്യന്‍ സൈനികരുടെ ജീവന് നഷ്ടമായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ബുധനാഴ്ച നടന്ന ടെലിഫോണ്‍ ചര്‍ച്ചക്ക് പിന്നാലെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം ചൈനക്ക് മുന്നറിയിപ്പ് നല്കി. ഇക്കാര്യം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയെ ടെലിഫോണിലൂടെ അറിയിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യഥാര്‍ഥ നിയന്ത്രണരേഖയില്‍ മാറ്റം വരുത്തരുതെന്ന ധാരണ ചൈന ലംഘിച്ചെന്നും ഇത് ചൈന മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ള ആക്രമണമാണെന്നും ഇന്ത്യ ആരോപിച്ചു. ജൂണ്‍ ആറിന് സൈനികതലത്തില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാന പ്രകാരം അതിര്‍ത്തിയില്‍ നിന്ന് ഇരുരാജ്യങ്ങളുടെയും സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കാന്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചതായും ഇന്ത്യ വ്യക്തമാക്കി. സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന തരത്തിലുള്ള നടപടി ഇരുരാജ്യങ്ങളും സ്വീകരിക്കരുതെന്ന് ചര്‍ച്ചയില്‍ തീരുമാനമായതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഒരു മാറ്റവും ഇന്ത്യ അനുവദിക്കില്ല. നിലവിലുള്ള സ്ഥിതിഗതികള്‍ തുടരണം. ഇരുരാജ്യങ്ങളും തമ്മില്‍ നേരത്തെയുള്ള എല്ലാ ധാരണകളും കരാറുകളും ചൈന പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും മുന്‍നിര സൈനികരെ നിയന്ത്രിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയോട് ആവശ്യപ്പെട്ടു. ചൈനീസ് സൈനികരെ പ്രകോപിപ്പിക്കുകയും അക്രമിക്കുകയും ചെയ്തതാണ് കിഴക്കന്‍ ലഡാക്കിലുണ്ടായ ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ആഗ്രഹിക്കുന്നില്ലെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലി ജിയാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രകോപനം സൃഷ്ടിക്കരുതെന്നും സാഹചര്യം സങ്കീര്‍ണ്ണമാക്കുന്ന ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കരുതെന്നും ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുവെന്നും ചൈനീസ് വാക്താവ് പറഞ്ഞു. അതേസമയം സംഘര്‍ഷത്തില്‍ ഇരുഭാഗത്തുമുണ്ടായ ആള്‍നഷ്ടം സംബന്ധിച്ചോ പരിക്കുകളെ കുറിച്ചോ ഷാവോ ലിജിയാന്‍ പ്രസ്താവനയില്‍ പറഞ്ഞില്ല. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കോവിഡ് അവലോകന യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മാതൃരാജ്യത്തിന് വേണ്ടി ചൈനയുമായി പോരാടിയാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടത്, അതില്‍ രാജ്യം അഭിമാനിക്കുന്നു. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ ഉചിതമായ മറുപടി കൊടുക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ട്. ഭിന്നതകള്‍ ഉള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ആ ഭിന്നതകള്‍ തര്‍ക്കങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വീരമൃത്യു വരിച്ച സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി രണ്ട് നിമിഷം മൗനം ആചരിച്ചു.
വെള്ളിയാഴ്ച സര്‍വ്വകക്ഷിയോഗം
ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് യോഗം. എല്ലാ പാര്‍ട്ടികളുടേയും ദേശീയ അധ്യക്ഷന്മാരെ യോഗത്തിനു ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ താഴ്വരയില് ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു.സംഘര്‍ഷത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായ വിശദീകരണം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് സ്വകാര്യ വാര്‍ത്താ ഏജന്‍സിയാണ് പല വിവരങ്ങളും പുറത്ത് വിട്ടത്. സംഭവത്തില്‍ പ്രധാമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തതില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ വിമര്‍ശനമുന്നയിക്കുന്നതിനിടെയാണ് സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേ സമയം ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘര്‍ഷത്തില്‍ ചൈനീസ് കമാന്റിങ് ഓഫീസറും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.