
ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചൈനീസ് സൈന്യം സ്ഥാപിച്ച ഒരു ടെന്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തിങ്കളാഴ്ച ഗല്‍വാന്‍ താഴ്‌വരയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. ജൂണ്‍ 15 തിങ്കളാഴ്ച ഗല്‍വാന്‍ നദീ താഴ്വരയില്‍ ചൈനീസ് സൈന്യം കെട്ടിയ ടെന്റ് പൊളിക്കാനായി പോയതായിരുന്നു ഇന്ത്യന്‍ സേനാംഗങ്ങള്‍. ജൂണ്‍ ആറിന് ഇരു സേനയിലെയും ലഫ്റ്റനന്റ് ജനറല്‍ ഓഫീസര്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ടെന്റ് പൊളിക്കാന്‍ ധാരണയായിരുന്നു. ഇന്ത്യന്‍ സേനയിലെ കേണല്‍ ബി.എല്‍ സന്തോഷ് ബാബുവിനെ ചൈനീസ് സേന ആക്രമിച്ചതിനു പിന്നാലെയാണ് ഇരു വിഭാഗവും തമ്മില്‍ ശാരീരികാക്രമണങ്ങളിലേക്ക് തിരിഞ്ഞത്. ബാറ്റണുകളും ഇരുമ്പുവടികളും കൊണ്ട് ഇരു വിഭാഗവും തമ്മില്‍ ആക്രമിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ ഇരു വിഭാഗത്തിലെയും സൈനികര്‍ ഗല്‍വാന്‍ നദിയില്‍ വീഴുകയായിരുന്നു. കനത്ത തണുപ്പ് സ്ഥിതിഗതികള്‍ വഷളാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ സംഘര്‍ഷം ആറ് മണിക്കൂറോളമാണ് തുടര്‍ന്നത്. 20 സൈനികര്‍ മരണപ്പെട്ടതായി സൈന്യം ഔദ്യോഗികമായി അറിയിച്ചു. നാലു സൈനികരുടെ നിലഗുരുതരമാണ്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയില്‍ പറയുന്നു. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്. 43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനീസ് കമാന്‍ഡറും കൊല്ലപ്പെട്ടതായും എ.എന്‍.ഐ റിപ്പോര്‍ട്ടിലുണ്ട്. അതേ സമയം ഇതു സംബന്ധിച്ച് ചൈന ഇതുവരെ ഔദ്യോഗികമായി വിവരം പുറത്തു വിട്ടിട്ടില്ല.
ഇവരാണ് ആ വീര ജവാന്‍മാര്‍
ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച മുഴുവന്‍ സൈനികരുടെയും പേരുവിവരങ്ങള്‍ കരസേന പുറത്തുവിട്ടു. തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ജവാന്‍മാരുടെ വിവരങ്ങള്‍ ചൊവ്വാഴ്ച രാവിലെ തന്നെ സൈന്യം പുറത്തുവിട്ടിരുന്നു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ 17 ജവാന്‍മാരുടെ മരണം ചൊവ്വാഴ്ച രാത്രിയാണ് കരസേന സ്ഥിരീകരിച്ചത്. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണ് ഉണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം. 1975-നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ രക്തം ചിന്തുന്നത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ നാല്‍പ്പതിലേറെ സൈനികരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഇക്കാര്യത്തില്‍ ചൈന ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
വീരമൃത്യു വരിച്ച ജവാന്‍മാര്‍ ഇവരാണ്.
കേണല്‍ ബി. സന്തോഷ് ബാബു (ഹൈദരാബാദ്)
നായിബ് സുബേദാര്‍ നുഥുറാം സോറന്‍ (മയൂര്‍ബഞ്ജ്)
നായിബ് സുബേദാര്‍ മന്‍ദീപ് സിങ് (പട്യാല)
നായിബ് സുബേദാര്‍ സാത്നം സിങ് (ഗുര്‍ദാസ്പുര്‍)
ഹവില്‍ദാര്‍ കെ പളനി (മധുര)
ഹവില്‍ദാര്‍ സുനില്‍ കുമാര്‍ (പാട്ന)
ഹവില്‍ദാര്‍ ബിപുല്‍ റോയ് (മീററ്റ് സിറ്റി)
നായിക് ദീപക് കുമാര്‍ (രേവ)
രാജേഷ് ഓറങ്ക് (ബിര്‍ഭം)
കുന്ദന്‍ കുമാര്‍ ഓഝ (സാഹിബ്ഗഞ്ജ്)
ഗണേഷ് റാം (കാന്‍കെ)
ചന്ദ്രകാന്ത പ്രഥാന്‍ (കാന്ദമല്‍)
അന്‍കുഷ് (ഹമിര്‍പുര്‍)
ഗുല്‍ബീന്ദര്‍ (സങ്ക്റൂര്‍)
ഗുര്‍തേജ്സിങ് (മാന്‍സ)
ചന്ദന്‍ കുമാര്‍ (ഭോജ്പുര്‍)
കുന്ദന്‍ കുമാര്‍ (സഹര്‍സ)
അമന്‍ കുമാര്‍ (സമസ്തിപുര്‍)
ജയ് കിഷോര്‍ സിങ് (വൈശാലി)
ഗണേഷ് ഹന്‍സ്ഡ (കിഴക്കന്‍ സിങ്ഭും)
ഭൂപ്രദേശങ്ങള്‍ ചൈന എങ്ങനെ
കയ്യടക്കിയെന്ന് പ്രധാനമന്ത്രി
വ്യക്തമാക്കണം: സോണിയ
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ കേന്ദ്രത്തിനെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എങ്ങനെയാണ് ചൈന നമ്മുടെ ഭൂപ്രദേശം കയ്യടക്കിയത്?. എങ്ങനെയാണ് 20 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്?. അവിടത്തെ ഇപ്പോഴത്തെ സാഹചര്യം എന്താണ്? ഈ സംഭവത്തെ ചൊല്ലി ഇന്ന് രാജ്യത്തുള്ള രോഷം മനസ്സിലാക്കി പ്രധാനമന്ത്രി മുന്നോട്ടു വരണം. രാജ്യത്തോട് സത്യം പറയണമെന്നും സോണിയ ആവശ്യപ്പെട്ടു. നമ്മുടെ സൈനികരെ ഇനിയും കണ്ടെത്താനുണ്ടോ? നമ്മുടെ എത്ര സൈനികര്‍ക്കും ഓഫീസര്‍മാര്‍ക്കുമാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്? ഏതൊക്കെ മേഖലകളാണ് ചൈന കയ്യടക്കിയിട്ടുള്ളത്? ഇതിനെ നേരിടാന്‍ സര്‍ക്കാരിന് എന്ത് പദ്ധതിയാണുള്ളത്? ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് സൈന്യത്തിനും സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാരിനും ഒപ്പമാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
നമ്മുടെ സൈനികരെ കൊല്ലാന്‍
ചൈന എങ്ങനെ ധൈര്യപ്പെട്ടു;
മോദി ഉത്തരം പറയണം: രാഹുല്‍
ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഒളിക്കുന്നതെന്നും നമ്മുടെ സൈനികരെ കൊലപ്പെടുത്താന്‍ ചൈനക്ക് എങ്ങനെ ധൈര്യം വന്നുവെന്നും രാഹുല്‍ ചോദിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദനായിരിക്കുന്നത്? എന്തുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നത്? എല്ലാത്തിനും ഒരു പരിധിയുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയണം. നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈന എങ്ങനെ ധൈര്യപ്പെട്ടു? നമ്മുടെ ഭൂമി പിടിച്ചെടുക്കാന്‍ ചൈനക്കെങ്ങനെ ധൈര്യം വന്നുവെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഇന്ത്യ-ചൈന തര്‍ക്കം: നിരീക്ഷിച്ചു
വരികയാണെന്ന് അമേരിക്ക,
സംയമനം പാലിക്കണമെന്ന് യു.എന്‍
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നടന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നറിയിച്ച് അമേരിക്ക. ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനപരമായി പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രതിനിധി അറിയിച്ചു. നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്, യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വക്താവ് അറിയിച്ചു. ഇന്ത്യയും ചൈനയും വിഷയത്തില്‍ അമേരിക്കയുടെ ഇടപെടല്‍ വേണമെന്ന് ആവശ്യം പ്രകടിപ്പിച്ചതായും പ്രതിനിധി പറഞ്ഞു. ഒപ്പം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 20 ഇന്ത്യന്‍ സൈനികര്‍ക്ക് യു.എസ് പ്രതിനിധി അനുശോചനവും അറിയിച്ചു. അതേസമയം ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന സൈനിക സംഘര്‍ഷത്തില്‍ യു.എന്‍ ആശങ്ക പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് പ്രതിനിധി മുഖാന്തരം യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടിറസ് അറിയിച്ചു.