തകര്‍ന്ന വീട് മഴയ്ക്ക് മുമ്പ് പൂര്‍ത്തീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

സുമിത്രയുടെ വീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നന്നാക്കുന്നു

പള്ളിക്കര: ബീഡി പണിയെടുത്ത് ജീവിക്കുന്ന പൂച്ചക്കാട്ടെ സുമിത്രയ്ക്ക് ഇനി സമാധാനത്തോടെ കിടന്നുറങ്ങാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത ഓടിട്ട വീട് ഏത് സമയത്തും നിലംപൊത്തുമെന്നായപ്പോള്‍ വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു സുമിത്ര. മഴ വന്നാല്‍ പിന്നെ താമസിക്കാന്‍ കഴിയില്ല എന്ന് ഉറപ്പായിരുന്നു. രണ്ട് വര്‍ഷമായി ഈ ചെറിയ വീടിലെ ഒരു മുറി ഉപയോഗിക്കാറില്ല. പ്ലാസ്റ്റിക് പുതഞ്ഞ് കൊണ്ട് താത്കാലികാശ്വാസം കാണുകയായിരുന്നു.രണ്ട് കുട്ടികള്‍ അടങ്ങുന്ന സുമിത്രയുടെ കൂടെ വര്‍ഷങ്ങളായി ഭര്‍ത്താവില്ല സുമിത്രയ്ക്ക് കുടുംബത്തില്‍ നിന്നും സ്ഥലം പതിച്ച് കിട്ടാത്തതിനാല്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആനുകൂല്യവും ലഭിക്കാതെയായി. മഴ വരുമ്പോഴേയ്ക്ക്എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് പൂച്ചക്കാട് വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിറ്റ് വിതരണം ചെയ്യുമ്പോള്‍ അത് എല്‍പ്പിക്കാന്‍ വന്ന ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാടിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നെ താമസമുണ്ടായില്ല. പിറ്റേ ദിവസം തന്നെ പണിക്കാരെത്തുകയും, പഴയ മരങ്ങള്‍ എല്ലാം മാറ്റി പുതുക്കി പണിതത് എല്ലാം ഒരു സ്വപ്‌നം പോലെയായിരുന്നുവെന്ന് സുമിത്ര പറയുന്നു. പുതുക്കിപണിയുന്നതിനാവശ്യമായ മുഴുവന്‍ തുകയും വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി തന്നെ വഹിച്ചു. അവസാനം ഓട് വെയ്ക്കുന്ന ദിവസം പാര്‍ട്ടി പ്രവര്‍ത്തകരായ സ്ത്രീകളും പുരുഷന്മാരും സേവനം ചെയ്തതു കൊണ്ട് മഴയ്ക്ക് മുമ്പ് എളുപ്പത്തില്‍ പണി തീര്‍ത്ത് താമസിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഈ കുടുംബം. സിഎച്ച് രാഘവന്‍, കെഎസ്മുഹാജിര്‍, എംവിരവീന്ദ്രന്‍, പിനാരായണന്‍, ഗീത,ശാന്ത, ശാരദ, രുഗ്മിണി, ചിന്താമണി, ബീന എന്നിവര്‍ നേതൃത്വം നല്‍കി.