കോണ്‍ടാക്റ്റ് ജനറല്‍ ഡയറക്ടര്‍: അന്വേഷണങ്ങളും നിര്‍ദേശങ്ങളും ദുബൈ എമിഗ്രേഷന്‍ മേധാവിക്ക് കൈമാറാനുള്ള സേവനം ശ്രദ്ധേയമാകുന്നു

'കോണ്‍ടാക്റ്റ് ജനറല്‍ ഡയറക്ടര്‍' എന്ന സേവന സൗകര്യത്തിലേക്ക് എത്തിയ ഇമെയിലുകളുടെ കണക്ക് വെളിപ്പെടുത്തി ജിഡിആര്‍എഫ്എ ദുബൈ പുറത്തിറക്കിയ ബ്രോഷര്‍

മെയ് അവസാനം വരെ 4,340 സന്ദേശങ്ങള്‍ ലഭിച്ചു

ദുബൈ: ദുബൈയിലെ താമസ-കുടിയേറ്റ രേഖകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും നിര്‍ദേശങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എഡി) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിക്ക് കൈമാറുന്ന ‘കോണ്‍ടാക്റ്റ് ജനറല്‍ ഡയറക്ടര്‍’ എന്ന സേവനം ശ്രദ്ധേയമാകുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഈ സേവനത്തിലേക്ക് 4,340 ഇമെയില്‍ സന്ദേശങ്ങള്‍ എത്തിയെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ കാര്യങ്ങള്‍ ധരിപ്പിച്ചുള്ള ഇമെയില്‍ സന്ദേശങ്ങളില്‍ കൂടുതലും വിസാ സംബന്ധമായ അന്വേഷണങ്ങളാണുള്ളത്. എന്‍ട്രി പെര്‍മിറ്റുകള്‍ നേടാനുള്ള വ്യവസ്ഥകള്‍, എന്‍ട്രി-റെസിഡന്‍സി പെര്‍മിറ്റുകള്‍ക്കായുള്ള അപേക്ഷകളുടെ അവസ്ഥ, ജിസിസി രാജ്യക്കാരുടെ വിസാ സ്റ്റാറ്റസ്, താമസ-കുടിയേറ്റ നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍ തുടങ്ങിയവയായിരുന്നു ഇതുമായി ബന്ധപ്പെട്ടുള്ള ഇമെയില്‍ സന്ദേശങ്ങളുടെ ഉള്ളടക്കം. ജിഡിആര്‍എഫ്എ ദുബൈയുടെ സ്മാര്‍ട് ആപ്‌ളികേഷന്‍, വകുപ്പിന്റെ വെബ്‌സൈറ്റ് തുടങ്ങിയവയിലാണ് ‘കോണ്‍ടാക്റ്റ് ജനറല്‍ ഡയറക്ടര്‍’ എന്ന ഓപ്ഷനില്‍ ഈ സേവന സൗകര്യമുള്ളത്.
കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി വിദൂര ജോലി സംവിധാനത്തിലേക്ക് മാറിയ ജിഡിആര്‍എഫ്എ ദുബൈയുടെ ഈ സേവനം മാര്‍ച്ച്, മെയ് മാസങ്ങളിലാണ് ജനങ്ങള്‍ കൂടുതലായും ഉപയോഗപ്പെടുത്തിയതെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ദുബൈയിലെ ഉപയോക്താക്കളുടെ അന്വേഷണങ്ങളും നിര്‍ദേശങ്ങളും പരിഗണിക്കുകയും, അവരുടെ സന്തോഷം നേടാന്‍ തുടര്‍ച്ചയായി ആശയ വിനിമയം നടത്തുകയും ചെയ്യുന്നതും ഈ സംവിധാനം ഉറപ്പാക്കുന്നുവെന്ന് ജിഡിആര്‍എഫ്എ ദുബൈ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ജിഡിആര്‍എഫ്എ ദുബൈ പ്രവര്‍ത്തിക്കുന്നത്.
ജിഡിആര്‍എഫ്എ ദുബൈ വെബ്‌സൈറ്റ് വഴി 2013ല്‍ ആരംഭിച്ചതാണ് ‘കോണ്‍ടാക്റ്റ് ജനറല്‍ ഡയറക്ടര്‍’ എന്ന സേവനം. ഈ സേവന സൗകര്യത്തിലൂടെ സുതാര്യതയും ‘തുറന്ന വാതില്‍’ നയവും ഏകോപിപ്പിച്ച് എത്ര അകലത്തില്‍ നിന്നും പൊതുജനങ്ങളുമായി ആശയ വിനിമയം നടത്താം. ഇതര സേവനങ്ങളുടെ നിലവാരം വികസിപ്പിക്കാനും മെച്ചപ്പെടുത്താനും സര്‍ഗാത്മകത, നവീകരണം, മികവ് എന്നിവ പ്രോത്സാഹിപ്പിക്കാനും ഡയറക്ടര്‍ ജനറലുമായി നേരിട്ട് ആശയ വിനിമയം നടത്താനും ഈ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു. ഇത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
ലഭിച്ച എല്ലാ അന്വേഷണങ്ങള്‍ക്കും മറുപടി നല്‍കുകയും അത് ആവശ്യമായ രീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ ഉപയോക്താവിന് നല്‍കിയെന്നും അല്‍ മര്‍റി സ്ഥിരീകരിച്ചു. ഇതിലെ എല്ലാ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ബന്ധപ്പെട്ടവരെ പഠിക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനും പ്രയോഗിക്കാനുള്ള സാധ്യത ചര്‍ച്ച ചെയ്യാനും ബന്ധപ്പെട്ട വിഭാഗത്തിന് അദ്ദേഹം നിര്‍ദേശം നല്‍കി