ദുബൈ: യുഎഇയില്‍ മരിക്കുന്നവരുടെ ഭൗതിക ശരീരം സംസ്കരിക്കാനോ നാട്ടിലേക്ക് അയക്കാനോ ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം വരുത്തരുതെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ആവശ്യപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കളും തൊഴിലുടമകളും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മൃതദേഹങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുന്നതു മൂലം മോര്‍ച്ചറിയിലും അനുബന്ധ വിഭാഗങ്ങളിലും പ്രയാസം സൃഷ്ടിക്കുന്നതായി ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ഏതെങ്കിലും ഇന്ത്യന്‍ പ്രവാസി മരിച്ചാല്‍ എത്രയും പെട്ടെന്ന് വിവരം കോണ്‍സുലേറ്റില്‍ അറിയിക്കാനും നടപടികള്‍ പൂര്‍ത്തിയാക്കാനും ബന്ധുക്കള്‍ക്കും തൊഴിലുടമകള്‍ക്കും ബാധ്യതയുണ്ടെന്ന് കോണ്‍സുലേറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
നിശ്ചിത ദിവസത്തിനകം മൃതദേഹം ഏറ്റുവാങ്ങിയില്ലെങ്കില്‍ അധൃകൃതര്‍ സ്വയം ഏറ്റെടുത്ത് ഇവിടെ തന്നെ സംസ്കരിക്കുന്ന നടപടികളിലേക്ക് നീങ്ങും. അതുകൊണ്ട്, മരിക്കുന്നവരുടെ ബന്ധുക്കളും തൊഴിലുടമകളും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് കോണ്‍സുല്‍ ജനറല്‍ ഓര്‍മിപ്പിച്ചു. മരണ വിവരങ്ങള്‍ കോണ്‍സുലേറ്റിലെ അടിയന്തിര ഹെല്പ് ലൈന്‍ നമ്പറായ 050 7347676 ല്‍ വിവരം അറിയിക്കേണ്ടതാണ്.