അധിക കോവിഡ് ചാര്‍ജ് നോര്‍ക വഹിക്കണം: ഇന്‍കാസ് യുഎഇ

22

ഷാര്‍ജ: ജൂണ്‍ 20 മുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികള്‍ കോവിഡ് 19 ടെസ്റ്റ് നിര്‍ബന്ധമായും നടത്തണമെന്ന കേരള സര്‍ക്കാര്‍ നിബന്ധന പുന:പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം നോര്‍ക ചെലവ് വഹിക്കണമെന്നും ഇന്‍കാസ് യുഎഇ കമ്മിറ്റി ആക്ടിംഗ പ്രസിഡണ്ട് ടി.എ രവീന്ദ്രന്‍, ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ ആവശ്യപ്പെട്ടു.
നിലവില്‍ പല എയര്‍പോര്‍ട്ടുകളിലും റാപിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്നിരിക്കെ വീണ്ടും ഒരു കോവിഡ് ടെസ്റ്റിന്റെ അനിവാര്യത എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അതുവഴി ഓരോ പ്രവാസിക്കും ഏകദേശം 6,000 രൂപ അധികച്ചെലവ് വരികയാണ്. യാതൊരു വരുമാനത്തിനും വകയില്ലാതിരിക്കെ തിരിച്ച് നാട്ടിലെത്തുന്നത് തന്നെ പലരുടെയും കാരുണ്യത്തോടെയാണ്. അതിനിടയിലാണ് ഇത്രയും വലിയൊരു ചാര്‍ജ് വീണ്ടും അടക്കേണ്ടി വരുന്നത് എന്നത് ഓരോ പ്രവാസിക്കും വലിയ അധിക ബാധ്യതയാണ്. അതുകൊണ്ട്, പ്രസ്തുത തീരുമാനം പിന്‍വലിക്കുകയോ അല്ലെങ്കില്‍ അതിന്റെ ചെലവ് നോര്‍ക വഹിക്കുകയോ വേണമെന്നും ഇന്‍കാസ് ഭാരവാഹികള്‍ പറഞ്ഞു.