ചാര്‍ട്ടേര്‍ഡ് വിമാന യാത്രക്കാരുടെ അധിക കോവിഡ് ചാര്‍ജ് നോര്‍ക വഹിക്കണം: അബുദാബി കെഎംസിസി

    അബുദാബി: ജൂണ്‍ 20 മുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനം മുഖേനയാണ് നാട്ടിലേക്ക് പ്രവാസികള്‍ തിരിച്ചു വരുന്നതെങ്കില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായും നടത്തണമെന്ന കേരള സര്‍ക്കാറിന്റെ നിയമം പുന:പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം നോര്‍ക ചെലവ് വഹിക്കണമെന്നും അബുദാബി കെഎംസിസി ആവശ്യപ്പെട്ടു.
    നിലവില്‍ പല എയര്‍പോര്‍ട്ടുകളിലും റാപിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്നിരിക്കെ വീണ്ടും ഒരു കോവിഡ് ടെസ്റ്റിന്റെ അനിവാര്യത എന്താണെന്ന് മനസ്സിലാകുന്നില്ല. ഇതിലൂടെ ഏകദേശം ഓരോ വ്യക്തിക്കും 300 ദിര്‍ഹം അധികച്ചെലവ് വരികയാണ്. യാതൊരുവിധ വരുമാനത്തിനും വകയില്ലാതിരിക്ക നാട്ടില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്നത് തന്നെ പലരുടെയും കാരുണ്യത്തോടെയാണ്. അതിനിടക്കാണ് ഇത്രയും വലിയൊരു ചാര്‍ജ് വീണ്ടും അടക്കേണ്ടി വരുന്നതെന്നത് ഓരോ പ്രവാസിക്കും വലിയ അധിക ബാധ്യത വരുത്തുന്നതാണ്. അതുകൊണ്ട്, ഒന്നുകില്‍ പ്രസ്തുത തീരുമാനം പിന്‍വലിക്കുകയോ അല്ലാത്ത പക്ഷം അതിന്റെ ചെലവ് നോര്‍ക വഹിക്കുകയോ ചെയ്യണമെന്നും അബുദാബി കെഎംസിസി പ്രസ്താവനയില്‍ പറഞ്ഞു.