ദുബൈ: കോഴിക്കോട് നടുവണ്ണൂര്‍ മന്ദങ്കാവ് സ്വദേശി കുന്നങ്കണ്ടി മേലേടുത്ത് രാമചന്ദ്രന് (63) ദുബൈയില്‍ കോവിഡ് 19 ബാധിച്ച് നിര്യാതനായി. കടുത്ത ന്യൂമോണിയ മൂലം ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അല്‍നഹ്ദ എന്‍എംസി ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്ന രാമചന്ദ്രന് പിന്നീട് കോവിഡ് ബാധയുമുണ്ടായി. ആദ്യം ഖത്തറിലും പിന്നീട് യുഎഇയിലുമായി 40 വര്‍ഷം പ്രവാസ ജീവിതം നയിച്ച രാമചന്ദ്രന് നാട്ടുകാര്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു. നിരവധി പേരെ ജീവിതം കരുപ്പിടിപ്പിക്കാന്‍ സഹായിച്ച വ്യക്തിത്വം കൂടിയായിരുന്ന രാമചന്ദ്രന്റെ വിയോഗം അതിനാല്‍ തന്നെ പരിചിത വൃത്തങ്ങളില്‍ വേദന പടര്‍ത്തി. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ പബ്ളിക് റിലേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
പരേതനായ ശങ്കരന് അടിയോടിയുടെയും സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: പുഷ്പ കൊളോറത്ത് കാവുന്തറ. മകന് സുദേവ് ചന്ദ്രന് (സിഎ വിദ്യാര്‍ത്ഥി), മകള്‍ സുസ്മിത ചന്ദ്രന്. മരുമകന്: അരുണ്‍ ലാല്‍. സഹോദരങ്ങള്‍: രാധാകൃഷ്ണന് കെ.കെ (ദുബൈ), സുകുമാരന്‍, രമേശന് കെ.കെ (ദുബൈ).
മൃതദേഹം കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം ദുബൈ ജബല്‍ അലിയിലെ ഹൈന്ദവ ശ്മശാനത്തില്‍ സംസ്കരിച്ചു. സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളിയുടെ സഹായത്തോടെ നടുവണ്ണൂരകം കോവിഡ് ഹെല്പ് ഡെസ്ക് ടീമംഗം ഗോപേഷ്, രാമചന്ദ്രന്റെ അനുജന് കെ.കെ രമേശന്, കാലിക്കറ്റ് നോട്ട്ബുക്ക് പാര്‍ട്ണര്‍ സതീഷ് കുമാര്‍, ഉമ്മര്‍ കോയ ഒതയോത്ത് തുടങ്ങിയവരുടെ പരിശ്രമത്താലാണ് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനായത്. നാട്ടില്‍ അദ്ദേഹത്തിന്റെ വീട്ടിലും ഇതേ സമയം ചടങ്ങുകള്‍ നടന്നു.