മഹാമാരിക്ക് മുന്നില്‍ ഭീതിയോടെ…

  77

  കൊറോണ ബാധിതനായ മാധ്യമ പ്രവര്‍ത്തകന്റെ അനുഭവങ്ങള്‍-1
  പുതിയ നൂറ്റാണ്ടില്‍ മനുഷ്യരാശി ഒറ്റക്കെട്ടായി പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ് കോവിഡ്19 എന്ന മഹാമാരിയെ. അതിജീവനത്തിന്റെ പ്രതിരോധം. ദിനംപ്രതി ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്ന ഈ വൈറസ് ലോകത്ത് വലിയ ഭീതി വിതച്ചിരിക്കുകയാണ്. നിരവധി അനുഭവങ്ങള്‍ നമ്മള്‍ കണ്ടും കേട്ടും വായിച്ചും അറിഞ്ഞു. ദുബൈ മിഡില്‍ ഈസ്റ്റ് ചന്ദ്രികയില്‍ ബ്യൂറോ ചീഫായി ജോലി ചെയ്യുന്ന ഈ ലേഖകന് നാട്ടിലേക്കുള്ള യാത്രയില്‍ കോവിഡ് ബാധിക്കുന്നു. കേരളത്തില്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലൂടെ സുഖപ്പെടുന്നു. കോവിഡ് കാലത്തുള്ള യുഎഇയിലെയും കേരളത്തിലെയും അനുഭവങ്ങള്‍

  എന്‍.എ.എം ജാഫര്‍ പങ്കു വെക്കുന്നു…


  2019 ഡിസംബറില്‍ കൊറോണ വൈറസ് ചൈനയെ പിടിമുറുക്കിയപ്പോള്‍ മറ്റു രാഷ്ട്രങ്ങള്‍ ഒട്ടും കരുതിയിരിക്കില്ല ഇത്രയധികം ഭീകരമാകുമെന്ന്. പിന്നീട് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചതോടെ അതൊരു മഹാമാരിയായി മാറി. പ്രധാനമായും മനുഷ്യരുടെ ശ്വാസകോശങ്ങളെ ബാധിക്കുന്ന കോവിഡ്19 നെ ചൈനീസ് വൈറസെന്നും ചൈനയെ മാത്രം ബാധിക്കുന്ന പകര്‍ച്ച വ്യാധിയെന്നും വിധിയെഴുതിയവര്‍ മാറി ചിന്തിക്കേണ്ടി വന്നു. ചൈനീസ് ഉല്‍പന്നങ്ങള്‍ ആഗോള മാര്‍ക്കറ്റില്‍ എത്രത്തോളം സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ടോ അതിന്റെ നൂറിരട്ടി വേഗത്തിലാണ് കൊറോണ വൈറസ് എന്ന കോവിഡ് 19 ഭൂമുഖത്ത് വ്യാപിച്ചത്. വെറും സോപ്പു കുമിളകളില്‍ അലിഞ്ഞു പോകുന്ന വൈറസാണെന്ന് ശാസ്ത്രം തന്നെ പറയുമ്പോള്‍ ഈ നിസ്സാര വൈറസിന് മുന്നില്‍ വൈദ്യശാസ്ത്രം പകച്ചു നില്‍ക്കുകയാണ്. വെറുമൊരു ജലദോഷ പനിയായി വന്ന് പിന്നീട് ജീവവായു കിട്ടാതെ പിടഞ്ഞ് മരിക്കുന്ന മഹാ വിപത്തായി മാറിയതോടെ കോവിഡിനെ ലോകം ഭീതിയോടെയാണ് നോക്കിക്കാണുന്നത്. ഇതെഴുതുമ്പോള്‍ ലോകത്ത് നാലര ലക്ഷത്തിലധികം ആളുകള്‍ കോവിഡ് മൂലം മരിച്ചു കഴിഞ്ഞു. ദിനംപ്രതി മുവായിരത്തില്‍ കുറയാത്ത ആളുകളാണ് മരിക്കുന്നത്. രോഗ വ്യാപനത്തില്‍ അമേരിക്കയും ബ്രസീലും റഷ്യയും കഴിഞ്ഞാല്‍ ഇന്ത്യ നാലാം സ്ഥാനത്തുണ്ട്. ഇതിനകം 215 രാജ്യങ്ങളിലായി 90 ലക്ഷത്തോളം ആളുകളെ കൊറോണ വൈറസ് പിടിമുറുക്കിക്കഴിഞ്ഞു. അതേസമയം, 4.37 മില്യന്‍ ആളുകള്‍ക്ക് ഇത് സുഖപ്പെടുകയും ചെയ്തിട്ടുണ്ട്. പൊടുന്നനെ കൂടിയ മരണസംഖ്യ തന്നെയാണ് ലോകം ഈ വിപത്തിനെ ഭയപ്പാടോടെ വീക്ഷിക്കാന്‍ കാരണമായത്. എന്നാല്‍, ഇത്രയും കൂടിയ മരണം എങ്ങനെയുണ്ടായി എന്നതിനെ കുറിച്ച് വൈദ്യശാസ്ത്രത്തിന് ക്‌ളിപ്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ രാജ്യങ്ങളിലെയും മരണ നിരക്കിലെ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഈ വൈറസ് വ്യത്യസ്ത രീതിയിലാണ് ഓരോ ദേശങ്ങളെയും ബാധിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും. കൂടാതെ, കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഓരോ രാജ്യങ്ങളും സ്വീകരിച്ചിട്ടുള്ള വ്യത്യസ്തമായ മാര്‍ഗങ്ങളും ഇതിന് സഹായകമായിട്ടുണ്ട്. മറ്റെല്ലാ പകര്‍ച്ചവ്യാധികളില്‍ നിന്നും വ്യത്യസ്തമായി വളരെ വേഗത്തില്‍ പടരുമെന്നതാണ് കോവിഡിനെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. എത്ര മുന്‍കരുതല്‍ സ്വീകരിച്ചാലും കോവിഡ് അനിയന്ത്രിതമായി പടരുന്നതും ഏറെ ആശങ്കയുണര്‍ത്തുന്നു. ഓരോ ദിവസവും മരണ നിരക്ക് ഉയര്‍ന്നപ്പോള്‍ ലോകം ഭയത്തിന്റെ പിടിയിലായി. സൈനികമായും സാമ്പത്തികമായും സാങ്കേതിക വിദ്യകളിലും വന്‍ ശക്തികളായ ചൈനയും പിന്നീട് അമേരിക്കയും പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളും കോവിഡിന് മുന്നില്‍ പകച്ചു നിന്നപ്പോള്‍ ലോകമാകെ ഒന്നുകൂടി ഭയന്നു. ഭൂമുഖത്തെ സ്വര്‍ഗമെന്ന് പലരും വിശേഷിപ്പിച്ചിരുന്ന രാജ്യങ്ങള്‍ പോലും കോവിഡ് മാഹമാരിക്കു മുന്നില്‍ കൂപ്പു കുത്തിയതോടെ എല്ലാവരുമൊന്നു വിറച്ചു. ചൈനക്ക് പിന്നാലെ ഇറ്റലിയിലും യുഎസിലും ബ്രിട്ടനിലും റഷ്യയിലും ഇറാനിലും മനുഷ്യര്‍ ഈയാമ്പാറ്റകള്‍ പോലെ മരിച്ചു വീണപ്പോള്‍ കൊറോണ വൈറസിനെക്കാള്‍ ലോകത്ത് പടര്‍ന്നു പിടിച്ചത് ഭയത്തിന്റെ വൈറസുകളാണ്. ഇന്ന് വൈറസ് മൂലമുണ്ടാകുന്ന അസുഖത്തെക്കാളുപരി ഭയന്നുള്ള മരണമാണ് കൂടുതലും സംഭവിക്കുന്നത്. ഇതിന് കാരണം രോഗാതുരമായ അവസ്ഥ മാത്രമല്ല, കോവിഡ് മൂലമുണ്ടായ സാമൂഹികമായ തകര്‍ച്ചയും മുഖ്യ കാരണമാണ്. രോഗാവസ്ഥക്ക് പുറമെയുണ്ടായ വിപണിയിലെ തകര്‍ച്ച, സാമ്പത്തിക പ്രതിസന്ധി, തൊഴില്‍ നഷ്ടം, സാമൂഹിക സുരക്ഷ, കുടുംബപരമായ ശൈഥില്യം തുടങ്ങി നിരവധിയുണ്ട്. ലോകം ഇതിന് മുമ്പ് നേരിട്ടുള്ള ഏതൊരു മഹാമാരിയെയും പോലെ കോവിഡിനുമുള്ള ഏക മറുമരുന്ന് മനുഷ്യര്‍ തമ്മിലുള്ള അകലം തന്നെയായിരുന്നു. ഈ അകലങ്ങള്‍ ഉണ്ടാക്കിയ വിടവും സാമൂഹികമായ തകര്‍ച്ചയും ചെറുതൊന്നുമല്ല. നിരവധി അതിര്‍ത്തികളെയും ചേരിതിരിവുകളെയും ഭേദിച്ച് ആധുനിക ലോകം ഒരൊറ്റ സമൂഹമായി വളര്‍ന്നു വികസിക്കുന്ന ഘട്ടത്തിലാണ് കൊറോണ വൈറസിന്റെ വ്യാപനം അതിര്‍ത്തികളെ മറികടന്ന് ലോകം ഒന്നിച്ച് അനുഭവിക്കുന്നത്. വൈറസ് ഉണ്ടാക്കിയ സാമൂഹിക അകലവും ബ്രേക്ക് ദ ചെയിനും ഓരോ മനുഷ്യരെയും ഓരോ യൂണിറ്റാക്കി മാറ്റി. ഓരോരുത്തരും അവനവന്റെ സുരക്ഷയിലേക്ക് മാറിയപ്പോള്‍ എല്ലാം അടക്കപ്പെട്ടു. ലോക്ക്ഡൗണ്‍ എന്ന പേരില്‍ ലോകമാകെ താഴിട്ടു പൂട്ടിയതോടെ ജീവിത മാര്‍ഗങ്ങള്‍ അടഞ്ഞു. ബ്രേക്ക് ദ ചെയിന്‍ എന്നത് കൈകള്‍ ശുചീകരിക്കുന്നതില്‍ ഒതുങ്ങാതെ വ്യക്തികള്‍ തമ്മില്‍ പ്രദേശങ്ങള്‍ തമ്മില്‍ തുടങ്ങി ദേശങ്ങളും ജില്ലകളും സംസ്ഥാനങ്ങളും രാജ്യങ്ങളും വരെ ഒറ്റപ്പെട്ടു. കൂടിച്ചേര്‍ന്നിരുന്ന എല്ലാ ചങ്ങലകളെയും പൊട്ടിച്ചെറിഞ്ഞ് കൊറോണയെ പ്രതിരോധിക്കാന്‍ അവനവനിലേക്ക് ഒതുങ്ങി. ദിവസങ്ങള്‍ക്കകം ഉണ്ടായ ഈ സാമൂഹികമായ ദുരിതങ്ങള്‍ വൈറസ് ഉണ്ടാക്കുന്ന ദുരന്തത്തെക്കാള്‍ വലുതാണ്. കാല-ദേശ വ്യത്യാസമില്ലാതെ കൊറോണ മരണമായി പെയ്തിറങ്ങിയപ്പോള്‍ മനുഷ്യരില്‍ ജന്മനാടിനെ കുറിച്ചുള്ള ഓര്‍മകളും ഉണര്‍ത്തി. മരണത്തെ മുഖാമുഖം കണ്ടു തുടങ്ങിയതോടെ സ്വന്തം നാട്ടിലെത്തിപ്പെടാനുള്ള നെട്ടോട്ടത്തിലായിരുന്നു എല്ലാവരും. ജന്മനാട് നല്‍കുന്ന സുരക്ഷിതത്വ ബോധം വലിയ രീതിയിലുള്ള കൂട്ട പലായനത്തിലേക്കുള്ള വാതിലുകളാണ് തുറന്നത്. സൗകര്യങ്ങളില്‍ നിന്നും ഒന്നുമില്ലായ്മയിലേക്കുള്ള യാത്രയായാലും വലിയ സുരക്ഷിതത്വ ബോധമാണ് ജന്മനാടുകള്‍ നല്‍കുന്നതെന്ന യാഥാര്‍ത്ഥ്യമാണ് കോവിഡ് കാലം നമുക്ക് വ്യക്തമാക്കി തരുന്നത്. ലോകത്തിന്റെ ഏത് കോണിലുമുള്ള ആളുകള്‍ പിറന്ന മണ്ണിലേക്ക് ഒരിക്കല്‍ കൂടി കൊതിക്കുന്ന നിമിഷങ്ങള്‍. അതുകൊണ്ടു തന്നെ, ലോകമാകെ വ്യാപിച്ചു കിടക്കുന്ന മലയാളി സമൂഹവും കേരളത്തിലേക്ക് ഒരു തിരിച്ചുവരവിന് ആഗ്രഹിക്കുന്നു. ലോകത്ത് മിക്കവാറും എല്ലാ രാജ്യങ്ങളിലും സാന്നിധ്യമുള്ള മലയാളി സമൂഹം ഈ ദുരന്തത്തെ വ്യത്യസ്തവും വ്യതിരിക്തവുമായ രീതിയിലായിരിക്കും നേരിട്ടിരിക്കുക. ഭൂമുഖത്തിന്റെ മുക്കിലും മൂലയിലും ജീവിതം തേടിയെത്തിയ മലയാളി പ്രതിരോധിച്ച രീതിയില്‍ ലോകത്തെ ഒരു സമൂഹവും ഈ മഹാമാരിയെ നേരിട്ടു കാണില്ല. ഏറ്റവും കൂടുതല്‍ കേരളീയരായ പ്രവാസികള്‍ ജീവിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. ഇവിടങ്ങളില്‍ ഈ ദുരന്തം മലയാളികളെ വല്ലാതെ ഉലച്ചു. പ്രവാസ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ഈ മഹാമാരിയെ മലയാളി സമൂഹം ഒറ്റക്കെട്ടായി നേരിടുന്ന കാഴ്ചയാണ് ലോകം കണ്ടത്. നൂറുകണക്കിനാളുകള്‍ മരിച്ചു വീണപ്പോഴും പതിനായിരങ്ങള്‍ക്ക് കോവിഡ്19 ബാധിച്ചപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലെ ഭരണ സംവിധാനത്തോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് മലയാളികള്‍ പ്രതിരോധിച്ചു. ലോകത്തെമ്പാടുമുള്ള കേരളീയ സമൂഹത്തെ ഒരു കുടക്കീഴില്‍ അണിനിരത്തി, അവരുടെ മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ജന്മനാട്ടിലേക്കുള്ള തിരിച്ചുവരവിന് കൂടി വഴിയൊരുക്കി ലോക സമൂഹത്തിന് മലയാളി മാതൃകയായി. കോവിഡിനെ നേരിടാന്‍ അവര്‍ ഒറ്റക്കെട്ടായി.
  (തുടരും)