രോഗമുക്തര്‍ കൂടുന്നതിലും രോഗികള്‍ കുറയുന്നതിലും ആശ്വാസം
മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: ആറു മരണവും 562 പുതിയ കോവിഡ് കേസുകളുമാണ് വ്യാഴാഴ്ച കുവൈത്തില്‍ സ്ഥിരീകരിച്ചത്. ഇതോടെ, മൊത്തം രോഗ ബാധിതരുടെ എണ്ണം 29,921 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,473 പേര് കൂടി രോഗ ബാധയില്‍ നിന്ന് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തര്‍ 17,223 ആയി. ഇതില്‍ 10,602 പേര്‍ക്ക് രോഗമുക്തി നേടിയത് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ്. ഇതു വരെ റിപ്പോര്‍ട്ട് ചെയ്തത് രോഗമുക്തി നേടിയതിന്റെ 57.56 ശതമാനമാണ്. വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത 6 പേരുടേതുള്‍പ്പെടെ കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 236 ആയി.
പുതിയ കേസുകളില്‍ 177 എണ്ണത്തോടെ ഏറ്റവും കൂടുതല്‍ കുവൈത്ത് സ്വദേശികളാണ്. 99 ഇന്ത്യക്കാര്‍ക്കും 86 ബംഗ്ളാദേശികള്‍ക്കും 84 ഈജിപ്തുകാര്‍ക്കും ബാക്കി മറ്റുള്ള രാജ്യക്കാരിലുമാണ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അത്യാഹിത വിഭാഗത്തിലുള്ള 184 രോഗികള്‍ ഉള്‍പ്പെടെ 12,462 പേരാണ് ചികില്‍സയിലുള്ളത്. 200 കേസുകളോടെ അഹ്മദി ഗവര്‍ണറേറ്റിലാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫര്‍വാനിയയില്‍ 148ഉം ജഹ്റയില്‍ 105ഉം സിറ്റി 55ഉം ഹവല്ലി 54ഉം കേസുകളുണ്ട്. താമസ മേഖലകളുടെ അടിസ്ഥാനത്തില്‍ ഫര്‍വാനിയ 36, മഹ്ബൂല 32, മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ ഉള്‍പ്പെടുന്ന ജലീബ് അല്‍ ഷുഖൈവ് 30, ഖൈത്താന്‍ 28, മന്‍ഗഫ് 26, അബ്ദല്ലി 23 എന്നിങ്ങനെയുമാണ്. വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ രോഗ മുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതിലും രോഗബാധിതര്‍ കുറയുന്നതിലും ആശ്വസിക്കുകയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,721 പേരില്‍ കോവിഡ് പരിശോധന നടത്തിയതോടെ മൊത്തം 3,06,006 പേരില്‍ പരിശോധന നടത്തിയതായി അരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
———————