അബുദാബി മിര്‍ഫയില്‍ അണുനശീകരണം

    31

    അബുദാബി: കോവിഡ് 19നെ തുരത്തുന്നതിന്റെ ഭാഗമായി അല്‍ദഫ്‌റ മേഖലയിലെ അല്‍മിര്‍ഫ വ്യവസായ നഗരിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബുധനാഴ്ച തുടക്കം കുറിക്കും.
    ഇവിടെ താമസിക്കുന്നവരും ജോലി ചെയ്യുന്നവരും ഇതുമായി പൂര്‍ണമായും സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഇവിടെ പ്രവര്‍ത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍ മുടക്കമില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരിക്കും. എന്നാല്‍, പുറത്ത് നിന്നുള്ളവര്‍ക്ക് ഇവിടെ വരാനോ ഇവിടെ നിന്ന് പുറത്തേക്ക് പോകാനോ അനുവാദമുണ്ടായിരിക്കുന്നതല്ല.
    വിസാ ചട്ടം ലംഘിച്ചവര്‍ക്കോ വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്കോ യാതൊരുവിധ പ്രയാസവും നേരിടേണ്ടി വരില്ലെന്നും എല്ലാവരും ഇതുമായി സഹകരിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
    മുസഫ വ്യവസായ നഗരിയില്‍ ചൊവ്വാഴ്ചയാണ് അണുമുക്ത യത്‌നവും കോവിഡ് പരിശോധനയും പൂര്‍ത്തീകരിച്ചത്. ആറാഴ്ചയായി നിരന്തരം നടത്തി വന്ന തീവ്ര ശ്രമത്തിന്റെ ഭാഗമായാണ് മുസഫ വ്യവസായ നഗരി അണുമുക്തമാക്കല്‍ പൂര്‍ത്തിയാക്കിയത്.