ഫുജൈറ: ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകള്‍ വഴി കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ പുറപ്പെടുന്ന സമയത്ത് കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേരള സര്‍ക്കാറിന്റെ പെട്ടെന്നുള്ള പ്രഖ്യാപനം നാട്ടിലെത്താമെന്ന പ്രതീക്ഷയോടെ മൂന്നു മാസമായി കാത്തിരുന്ന പ്രവാസി മലയാളികളെ കൂടുതല്‍ കഷ്ടപ്പെടുത്തുന്നതാണെന്ന് യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കേരള സര്‍ക്കാറിന്റെ പൊടുന്നനെയുണ്ടായ തീരുമാനം വലിയ ഞെട്ടലോടെയാണ് പ്രവാസ ലോകം ശ്രവിച്ചത്. വന്ദേ ഭാരത് മിഷന് വിമാനങ്ങള്‍ എണ്ണത്തില്‍ കുറവായതിനാലും ലക്ഷക്കണക്കിനാളുകള്‍ ഇപ്പോഴും കാത്തിരിക്കുന്നതിനാലും ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വൃദ്ധര്‍ എന്നിവരുള്‍പ്പെടെ ഏറ്റവും ദുരിതത്തിലായവരെ എത്രയും വേഗത്തില്‍ നാട്ടിലെത്തിക്കാനാണ് കെഎംസിസി ഉള്‍പ്പെടെയുള്ള സാമൂഹിക കൂട്ടായ്മകള്‍ ചാര്ര്ട്ടേര്ഡ് ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്തുന്നത്. നാട്ടിലെത്താന്‍ കാത്തിരുന്നവര്‍ക്ക് ഏറെ സഹായകമായി മാറിയ ഈ സേവനം വൈകിക്കാന്‍ മാത്രമേ സര്‍ക്കാറിന്റെ പുതിയ നിര്‍ദേശം ഉപകരിക്കുകയുള്ളൂ.
കേരള സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും തമ്മില്‍ നിലനില്‍ക്കുന്നുണ്ടെന്ന് തോന്നുന്ന തര്‍ക്കം മൂലം പ്രയാസമനുഭവിക്കേണ്ടി വന്നിരിക്കുന്നത് അന്യ ദേശങ്ങളില്‍ ദുരിതത്തിലായ പ്രവാസികളാണ്. നിര്‍ഭാഗ്യവശാല്‍ പ്രവാസികളുടെ താല്പര്യങ്ങള് പരിഗണിക്കാനും സംരക്ഷിക്കാനും സര്‍ക്കാറുകള്‍ തയാറല്ലെന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. പ്രവാസികളാണ് സംസ്ഥാനത്തിന്റെ നട്ടെല്ല് എന്ന് മുഖ്യമന്ത്രി ഒരു ഭാഗത്ത് പ്രഖ്യാപിക്കുമ്പോള്‍, കേരളത്തിലേക്കുള്ള പ്രവാസികളുടെ യാത്ര മുടക്കുന്നതിന് പുതിയ തടസ്സങ്ങള്‍ കൊണ്ടുവരുന്ന സ്ഥിതിയാണുള്ളത്. നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് 19 ടെസ്റ്റ് നടത്തിയിരിക്കണമെന്ന നര്ദേശമോ നിബന്ധനയോ ഇല്ല. വന്ദേ ഭാരത് മിഷന് വിമാനങ്ങളിലെ യാത്രക്കാര്‍ക്കും കോവിഡ് 19 പരിശോധനക്ക് വിധേയരാവേണ്ടതില്ല. പിന്നെ എന്തിനാണ് ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകള്‍ക്ക് മാത്രം ഈ നിയന്ത്രണം വെക്കുന്നത്? ഇത് തികച്ചും അന്യായവും തെറ്റായതുമായ നടപടിയാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ കടുത്ത തീരുമാനം പുന:പരിശോധിക്കണമെന്ന് കെഎംസിസി ആവശ്യപ്പെടുന്നു.
പ്രവാസികളോടുള്ള കെഎംസിസിയുടെ പ്രതിബദ്ധത ഞങ്ങള്‍ പാലിക്കുക തന്ന ചെയ്യും. എന്തു വില കൊടുത്തും ഗള്‍ഫില്‍ നിസ്സഹായരായി കഴിയുന്ന നാട്ടുകാരെ നാട്ടിലെത്തിക്കാനാണ് സംഘടനയുടെ തീരുമാനം. ലക്ഷ്യം കാണാന്‍ കൂടുതല്‍ പ്രയാസപ്പെടുകയും കൂടുതല്‍ ചെലവുകള്‍ സഹിക്കേണ്ടി വരികയും ചെയ്യും. പ്രവാസികളുടെ കൂടെ നില്‍ക്കുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ഏത് പ്രതിബന്ധത്തെയും ഞങ്ങള്‍ മറികടക്കും. നിരവധി മാസങ്ങളായി കെഎംസസി നേതാക്കളും സന്നദ്ധ പ്രവര്‍ത്തകരും ഗള്‍ഫ് മലയാളികള്‍ക്ക് നാട്ടിലെത്താനുള്ള വഴിയൊരുക്കാനുള്ള പരിശ്രമങ്ങളിലായിരുന്നു. സര്‍ക്കാര്‍ എന്തൊക്കെ തടസ്സവാദങ്ങള്‍ ഉന്നയിച്ചാലും ഞങ്ങള്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നിര്‍ത്തി വെക്കില്ലെന്നും യുഎഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്, ജന.സെക്രട്ടറി നിസാര്‍ തളങ്കര, ട്രഷറര്‍ യു.അബ്ദുല്ല ഫാറൂഖി, സീനിയര്‍ വൈസ് പ്രസിഡന്റ് അഷ്റഫ് പള്ളിക്കണ്ടം, മറ്റു ഭാരവാഹികളായ എം.പി.എം റഷീദ്, അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി, പി.കെ.എ കരീം, സൂപ്പി പാതിരിപ്പറ്റ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.