അബുദാബിയില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് നടത്തണം

    ജലീല്‍ പട്ടാമ്പി
    ദുബൈ: മറ്റു എമിറേറ്റുകളില്‍ നിന്നുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും കോവിഡ് 19 നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് ഉണ്ടെങ്കിലേ ഇനി അബുദാബിയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ തങ്ങളുടെ സന്ദര്‍ശനത്തിന് 48 മണിക്കൂര്‍ മുന്‍പ് റിസള്‍ട്ട് സ്വീകരിച്ചിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അല്‍ഹുസന്‍ ആപ്പ് വഴിയോ, അല്ലെങ്കില്‍ ഏതെങ്കിലും ഹോസ്പിറ്റല്‍ മുഖേന ടെക്‌സ്റ്റ് മെസേജ് ആയോ, അതുമല്ലെങ്കില്‍ നാഷണല്‍ സ്‌ക്രീനിംഗ് പ്രോഗ്രാമുമായി അഫിലിയേറ്റ് ചെയ്ത സ്‌ക്രീനിംഗ് സെന്റര്‍ വഴിയോ ടെസ്റ്റ് റിസള്‍ട്ട് അയക്കാമെന്ന് കോവിഡ് 19 അബുദാബി എമര്‍ജെന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റിയെ ഉദ്ധരിച്ച് അബുദാബി ഗവണ്‍മെന്റ് മീഡിയ ഓഫീസ് ട്വീറ്റില്‍ വ്യക്തമാക്കി.
    അബുദാബിയില്‍ നിന്നല്ലാത്ത തൊഴിലാളികള്‍ക്ക് പ്രവേശനത്തിന് നിരോധമുണ്ട്. എന്നാല്‍, ചരക്കു-ഉരുപ്പടികളുടെ ഗതാഗതത്തിന് അനുമതിയുണ്ട്. മാസ്‌കുകള്‍ ധരിച്ചും വാഹനങ്ങള്‍ക്കകത്ത് സാമൂഹിക അകലം പാലിച്ചും കൊണ്ടുള്ള മുന്‍കരുതല്‍ നടപടികള്‍ ആളുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ എമിറേറ്റിലെ താമസക്കാരെ ഉണര്‍ത്തി. എമിറേറ്റിലെ മഹാമാരിയുടെ വ്യാപനത്തെ ഇല്ലായ്മ ചെയ്യാനാണ് കണിശ നിബന്ധനകളുമായി മുന്നോട്ടു പോകുന്നതെന്നും മീഡിയ ഓഫീസ് വിശദീകരിച്ചു.
    കൊറോണ വൈറസ് വ്യാപനം തടയാന്‍ അബുദാബി ജൂണ്‍ 2 മുതല്‍ സഞ്ചാര നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. പെര്‍മിറ്റില്ലാതെ അബുദാബി എമിറേറ്റിലേക്കും തിരിച്ചും നിലവില്‍ സഞ്ചരിക്കാനാവില്ല. കഴിഞ്ഞാഴ്ച നിയന്ത്രണങ്ങള്‍ ഭാഗികമായി ഒഴിവാക്കിയിരുന്നു. അബുദാബി, അല്‍ ഐന്‍, അല്‍ദഫ്‌റ മേഖലകളില്‍ താമസക്കാര്‍ക്ക് അനുമതി നല്‍കിയതായിരുന്നു. അബുദാബി പുറത്തേക്ക് സഞ്ചരിക്കുന്നവര്‍ക്ക് തിരിച്ചു വരാനുള്ള പെര്‍മിറ്റോടെ യാത്ര നടത്താമായിരുന്നു. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടായതോടെയാണ് അബുദാബി എമിറേറ്റിലെ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചിരിക്കുന്നത്.