സഊദിയില്‍ കോവിഡ് ഒന്നര ലക്ഷം കവിഞ്ഞു; മരണം 1230; പ്രവാസികള്‍ കേഴുന്നു നാടണയാന്‍

റിയാദ്: സഊദി അറേബ്യയില്‍ കോവിഡ്19 ബാധിതരായ 46 പേര്‍ കൂടി ശനിയാഴ്ച മരിച്ചു. ഇതോടെ, കോവിഡ് മരണ സംഖ്യ 1,230 ആയി ഉയര്‍ന്നു. ഓരോ ദിവസവും മരണ സംഖ്യ ഉയരുമ്പോള്‍ പ്രവാസികളുടെ ഹൃദയ മിടിപ്പും ഉയരുകയാണ്.
1,955 പേരാണ് ഇവിടെ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 3,941 പേര്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ആയിരക്കണക്കിന് മലയാളികളുള്ള റിയാദില്‍ തന്നെയാണ് ശനിയാഴ്ചയും ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 740 പേര്‍ക്കാണ് റിയാദില്‍ രോഗം കണ്ടെത്തിയത്. ജിദ്ദ 421, മക്ക 354, ഹുഫൂഫ് 285, ത്വായിഫ് 221, ദമ്മാം 178, മദീന 173, ഖത്തീഫ് 148 എന്നിങ്ങനെയാണ് പ്രധാന സ്ഥലങ്ങളില്‍ ശനിയാഴ്ച സ്ഥിരീകരിച്ച രോഗികളുടെ കണക്ക്.
സഊദിയില്‍ ഇതു വരെ 154,233 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 98,917 പേര്‍ രോഗമുക്തി നേടിയെങ്കിലും മരണ സംഖ്യ ഉയരുന്നതാണ് പ്രവാസികളുടെ മാനസിക സംഘര്‍ഷം കൂട്ടുന്നത്.
എങ്ങനെയെങ്കിലും നാടണയാന്‍ കേണ് പറഞ്ഞ് പലരും നെട്ടോട്ടമോടുകയാണ്. നാട്ടില്‍ പോകുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ കോവിഡ് 19 പരിശോധന നിര്‍ബന്ധമാക്കിയത് സഊദി അറേബ്യയില്‍ പ്രവാസികളുടെ ആശങ്ക പതിന്മടങ്ങായി വര്‍ധിപ്പിച്ചിരിക്കുകയാണ്.