സൈനു
അല്‍ ഐന്‍: കൊറോണാ വൈറസ് രോഗലക്ഷണങ്ങളുള്ളവര്‍ക്ക് പരിശോധനകള്‍ നടത്താന്‍ സഹായകമാകുന്ന രണ്ടു മൊബൈല്‍ കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിച്ചതായി തവാം ഹോസ്പിറ്റല്‍ അറിയിച്ചു. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി(സിഹ)യുടെ കീഴിലാണ് അല്‍ ഐനിലെ തവാം ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയാനുള്ള സിഹയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകാനായാണ് പുതിയ രണ്ടു മൊബൈല്‍ സ്ക്രീനിംഗ് കേന്ദ്രങ്ങള്‍ ഇവിടെ തുടങ്ങിയതെന്ന് തവാം ഹോസ്പിറ്റല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ യൂസുഫ് അല്‍ കിത്ബി വ്യക്തമാക്കി.
ഇതില്‍ ആദ്യ ക്ളിനിക് അല്ജീമി മാളിന് എതിര്‍വശത്താണ് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. രണ്ടാമത്തെ സ്ക്രീനിംഗ് കേന്ദ്രം അല്‍ ഐന്‍ ഹീലി ഇന്‍ഡസ്ട്രിയല്‍ സോണിലാണ് പ്രവര്‍ത്തിക്കുന്നത്. അല്ജീമി മാളിന് എതിര് വശത്ത് പ്രവര്‍ത്തിക്കുന്ന കോവിഡ് 19 പരിശോധനാ കേന്ദ്രത്തില്‍ എല്ലാ ദിവസവും ഉച്ച 12 മുതല്‍ രാത്രി 7 മണി വരെ കോവിഡ് 19 പരിശോധന നടത്താവുന്നതാണെന്ന് അല്‍കിത്ബി വ്യക്തമാക്കി. ഹീലി ഇന്‍ഡസ്ട്രിയല്‍ സോണിലെ പരിശോധനാ കേന്ദ്രം എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ പ്രവര്‍ത്തിക്കും.
സ്ക്രീനിംഗ് കേന്ദ്രങ്ങളില്‍ 10 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശോധനകള്‍ക്കായി എത്തുന്നവര്‍ക്ക് തെര്‍മല്‍ സ്ക്രീനിംഗ് നടത്തിയ ശേഷം രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്നറിയാനുള്ള ആരോഗ്യ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും തുടര്‍ന്ന് ഇവരില്‍ നിന്ന് കോവിഡ് 19 പരിശോധനക്കായി സ്രവം സ്വീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. 48 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലങ്ങള്‍ ലഭ്യമാകും.