അബുദാബി: യുഎഇയില്‍ തിങ്കളാഴ്ച 40,000 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. ഇതില്‍ 378 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19 പ്രതിരോധ രംഗത്ത് യുഎഇ കൈവരിച്ച നേട്ടം വലിയ ആശ്വാസമാണ് നല്‍കുന്നതെന്നതാണ് ഓരോ ദിവസത്തെയും പരിശോധനാ ഫലം വ്യക്തമാക്കുന്നത്.
ആശങ്കാജനകമായ ആദ്യ നാളുകളില്‍ നിന്നും ഏറെ മാറ്റമുണ്ടായിരിക്കുന്നു. ആശങ്കയുടെ നാളുകള്‍ മാറി സ്വദേശികളും വിദേശികളും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു നടക്കുകയാണ്. ഏറ്റവുമൊടുവില്‍ വന്ന പരിശോധനാ ഫലമനുസരിച്ച് പരിശോധന നടത്തിയവരില്‍ 378 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആരോഗ്യ രംഗത്തെ വലിയ വിജയം തന്നെയാണിത് വിളിച്ചോതുന്നത്.
യുഎഇയില്‍ ഇതു വരെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 45,303 ആണ്. ഇതില്‍ 33,046 പേര്‍ക്ക് ഇതിനകം രോഗം സുഖപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച 631 പേര്‍ക്കാണ് രോഗം മാറിയത്. നേരത്തെ രോഗികളുടെ എണ്ണം കൂടുതലും സുഖപ്പെടുന്നവരുടെ എണ്ണം കുറവുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ നേര് വിപരീതമായി മാറിയിട്ടുണ്ട്.
ഒരാളുടെ മരണമാണ് തിങ്കളാഴ്ച നടന്നത്. ഇതു വരെ 301 പേരാണ് കൊറോണ മൂലം യുഎഇയില്‍ മരിച്ചത്. ആരോഗ്യ വിഭാഗം നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മാറിയെന്നത് രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.