യുഎഇയില്‍ 571 പുതിയ കോവിഡ് കേസുകള്‍, 427 രോഗ മുക്തര്‍, ഒരു മരണം

ദുബൈ: യുഎഇയില്‍ 571 പുതിയ കോവിഡ് 19 കേസുകള്‍. 427 പേര്‍ രോഗ മുക്തരായി. ഒരു മരണമാണ് ബുധനാഴ്ച രേഖപ്പെടുത്തിയതെന്നും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതു വരെ രാജ്യത്ത് രേഖപ്പെടുത്തപ്പെട്ട കൊറോണ പോസിറ്റീവ് കേസുകള്‍ 36,359 ആണ്. 19,153 പേര്‍ ആകെ രോഗമുക്തരായി. രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 270 ആണ്.
യുഎഇയിലുടനീളം പരിശോധനാ കേന്ദ്രങ്ങള്‍ വേഗത്തില്‍ ഏര്‍പ്പെടുത്തിയത് വഴിയും പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയത് മുഖേനയും പുതിയ കേസുകള്‍ ഏറ്റവും വേഗത്തില്‍ തന്നെ കണ്ടെത്താനും നടപടികളെടുക്കാനും സഹായിച്ചുവെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ഇതു വരെ 20 ലക്ഷത്തിലധികം ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഈ വാരം അബുദാബിയിലെ പൊതുജനസഞ്ചാരം നിരോധിച്ചതിനാല്‍ നടത്തുന്ന വിപുലമായ പരിശോധനകള്‍ കേസുകളുടെ എണ്ണം വീണ്ടും കുറക്കുമെന്നും അധികൃതര്‍ പ്രത്യാശിച്ചു.