കോവിഡ് 19: മലപ്പുറം ജില്ലയില്‍ 14 പേര്‍ക്ക് കൂടി രോഗബാധ

കോവിഡ് 19 രോഗമുക്തരായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നു വീട്ടിലേക്കു മടങ്ങുന്നവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കുന്നു

മലപ്പുറം: ജില്ലയില്‍ 14 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 23 ന് മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ ഒരുമിച്ചെത്തിയ താനാളൂര്‍ പാണ്ടിയാട് സ്വദേശി 55കാരന്‍, 52 ഉം 43 ഉം വയസ്സുള്ള ഇയാളുടെ സഹോദരന്മാര്‍, ബംഗളൂരുവില്‍ നിന്ന് മെയ് 17ന് എത്തിയ തൃക്കലങ്ങോട് എളങ്കൂര്‍ കുട്ടശ്ശേരി സ്വദേശി 21 കാരന്‍, മെയ് 17 ന് തന്നെ മംഗളൂരുവില്‍ നിന്ന് എത്തിയ ആലിപ്പറമ്പ് വാഴേങ്കട സ്വദേശി 26കാരന്‍, ചെന്നൈയില്‍ നിന്ന് മെയ് 19ന് തിരിച്ചെത്തിയ താഴേക്കോട് മാട്ടറക്കല്‍ സ്വദേശിനി 26 കാരി, മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി മെയ് 26ന് എത്തിയ ചങ്ങരംകുളം കോക്കൂര്‍ സ്വദേശി 52 കാരന്‍, മെയ് 26 ന് സ്വകാര്യ ബസില്‍ മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ മാറഞ്ചേരി സ്വദേശി 42കാരന്‍, ജിദ്ദയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മെയ് 29 ന് കരിപ്പൂരിലെത്തിയ വേങ്ങര എ.ആര്‍.നഗര്‍ ബസാര്‍ നോര്‍ത്ത് കൊളപ്പുറം സ്വദേശി 44കാരന്‍, മോസ്‌കോയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വഴി മെയ് 21ന് ജില്ലയിലെത്തിയ പെരുമ്പടപ്പ് നൂണക്കടവ് സ്വദേശി 24 കാരന്‍, ദുബായില്‍ നിന്ന് മെയ് 29ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ പൊന്മുണ്ടം കുറ്റിപ്പാല സ്വദേശി 24 കാരന്‍, മെയ് 29 ന് തന്നെ കുവൈത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ തിരിച്ചെത്തിയ ചേലേമ്പ്ര വൈദ്യരങ്ങാടി സ്വദേശി 33കാരന്‍, ചെന്നൈയില്‍ നിന്ന് മെയ് 12 ന് എത്തിയ നന്നമ്പ്ര തെയ്യാലുങ്ങല്‍ വെള്ളിയാമ്പുറം സ്വദേശി 30 കാരന്‍, മെയ് 28 ന് ചെന്നൈയില്‍ നിന്നെത്തിയ എ.ആര്‍.നഗര്‍ മമ്പുറം സ്വദേശി 30 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി. എം. എന്‍.എം. മെഹറലി അറിയിച്ചു. ഇവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനിലാണ്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആസ്പത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

രോഗവിമുക്തരായി ഏഴു പേര്‍ വീട്ടിലേക്ക് മടങ്ങി
മലപ്പുറം: വിദഗ്ധ ചികിത്സക്കു ശേഷം കോവിഡ് രോഗമുക്തരായ ഏഴ് പേര്‍ പൂര്‍ണാരോഗ്യത്തോടെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ് ഇവര്‍. ഗര്‍ഭിണിയായ തിരൂര്‍ ബി.പി അങ്ങാടി കോട്ടത്തര്‍ മായിന്‍കണ്ടത്ത് വീട്ടില്‍ അന്‍വാറ (27), ഇവരുടെ മൂന്ന് വയസുള്ള മകന്‍ ധയ്യാന്‍, കണ്ണമംഗലം എടക്കാപ്പറമ്പ് ടി.പി മന്‍സില്‍ അമീന്‍ (21), ഇരിമ്പിളിയം മങ്കേരി ചവരേങ്ങ സുധീഷ് (36), കൂട്ടിലങ്ങാടി കീരംകുണ്ട് ഉമ്മത്ത് ആഷിഖ്(23), പാലക്കാട് നെല്ലായ പുല്ലൂനിയില്‍ രാജേഷ് (39), വെളിയങ്കോട് പുതിയവീട്ടില്‍ ഷഫീര്‍ (35 ) എന്നിവരാണ് രോഗമുക്തരായത്.
മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയാണ് ഗര്‍ഭിണിയായ അന്‍വാറയും മകനും തിരിച്ചെത്തിയത്. തുടര്‍ന്ന് മെയ് 12ന് ഇവര്‍ക്ക് വൈറസ് ബാധ കണ്ടെത്തുകയായിരുന്നു. പ്രസവ സംബന്ധമായ തുടര്‍ ചികിത്സക്കായി ഏഴ് ദിവസത്തിനുശേഷം അന്‍വാറ വീണ്ടും മെഡിക്കല്‍ കോളജിലെത്തുമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.
ക്വലാലംപൂരില്‍ നിന്ന് മെയ് 10 ന് തിരിച്ചെത്തിയ അമീന് മെയ് 21 നാണ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് 12 ന് മാലിദ്വീപില്‍ നിന്ന് എത്തിയ സുധീഷിന് മെയ് 23 നും രോഗബാധ സ്ഥിരീകരിച്ചു. മെയ് 12 ന് സിങ്കപ്പൂരില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തിയ ആഷിഖിന് മെയ് 23 നാണ് രോഗബാധ സ്ഥിരീകരിച്ചത്. പാലക്കാട് നെല്ലായ സ്വദേശിയായ രാജേഷ് മെയ് 13 നാണ് കുവൈത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിയത്. പാലക്കാട് ജില്ലയിലേക്ക് പോകാതെ മലപ്പുറത്ത് പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 23 ന് രാജേഷിന് രോഗബാധ സ്ഥിരീകരിക്കുകയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാവുകയും ചെയ്തു.
മെയ് ഏഴിന് അബുദബിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴിയെത്തിയ ശേഷം കോവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 23 നാണ് ഷഫീറിന് രോഗബാധ സ്ഥിരീകരിച്ചത്. ആസ്പത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം ഏഴുപേരും 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.
മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി ശശി, സൂപ്രണ്ടും കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. കെ.വി നന്ദകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഷീന ലാല്‍, ഡോ. ഇ. അഫ്‌സല്‍,നോഡല്‍ ഓഫീസര്‍ ഡോ. പി. ഷിനാസ് ബാബു, ആര്‍.എം.ഒമാരായ സഹീര്‍ നെല്ലിപ്പറമ്പന്‍, ഡോ. ജലീല്‍, സന്നദ്ധപ്രവര്‍ത്തകരായ ഹമീദ് കൊടവണ്ടി, അബ്ദുല്‍ റഷീദ് എരഞ്ഞിക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് രോഗം ഭേദമായവരെ യാത്രയാക്കിയത്.