കോവിഡ് 19: മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ മൂന്ന് പേര്‍ക്ക്കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും മറ്റൊരാള്‍ വിദേശരാജ്യത്ത് നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവര്‍ മഞ്ചേരിഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവര്‍ക്ക് പുറമെ മഞ്ചേരിയില്‍ ചികിത്സയിലുള്ള തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്സിനൊപ്പം പ്രവര്‍ത്തിച്ച സിവില്‍ ഡിഫന്‍സ് ഫോഴ്സ്‌വളണ്ടിയര്‍ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി 30 കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ജൂണ്‍ ആറിന് റിയാദില്‍ നിന്നും കരിപ്പൂര്‍ വഴി നാട്ടിലെത്തിയ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 40 കാരന്‍, ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്നും വിമാനമാര്‍ഗം നാട്ടിലെത്തിയ മംഗലം കൂട്ടായിസ്വദേശി 40 കാരന്‍ എന്നിവര്‍ക്കുമാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ക്കു പുറമെ മഞ്ചേരിയില്‍ ചികിത്സയിലുള്ള തൃശ്ശൂര്‍ ചാവക്കാട ്താലൂക്ക് ആസ്പത്രിയിലെ ആരോഗ്യ പ്രവര്‍ത്തക മാറഞ്ചേരി സ്വദേശിനി 43 വയസുകാരിക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗംസ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേകമുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന ്ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആസ്പത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

എടയൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു പൂട്ടി
വളാഞ്ചേരി: എടയൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു പൂട്ടി. ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് വളാഞ്ചേരി സ്വദേശിക്ക് ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഓഫീസ് അടച്ചത്.ഇതേ തുടര്‍ന്ന് ഓഫീസിലെ മറ്റു ജീവനക്കാര്‍ ഉള്‍പ്പെടെ 37 പേര്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു.
ഓഫീസിലെ ജീവനക്കാര്‍ക്ക് പുറമെ ഏതാനും പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ, കൃഷി വകുപ്പ്, എഞ്ചിനീയറിങ് വിഭാഗം ജീവനക്കാര്‍ ഉള്‍പ്പെടെ 37 പേരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പു നിര്‍ദേശിക്കുകയായിരുന്നു.
ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരിട്ടു സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ് പരിശോധനക്ക് ശേഷം നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മുതല്‍ മൂന്നു ദിവസത്തേക്കാണ് പഞ്ചായത്ത് ഓഫീസ് അടച്ചത്. വ്യാഴാഴ്ച അണു നശീകരണത്തിന് ശേഷം താത്കാലിക സംവിധാനമൊരുക്കി ഓഫീസ് പ്രവര്‍ത്തനസജ്ജമാക്കുന്നത് പരിഗണിക്കുമെന്ന് പ്രസിഡന്റ് കെ.കെ രാജീവ് അറിയിച്ചു.

839 പേര്‍കൂടി പുതിയതായി നിരീക്ഷണത്തില്‍
മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇന്നലെ 839 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.
13,322 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 412 പേര്‍ വിവിധ ആസ്പത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍കോളജ് ആസ്പത്രിയില്‍ 404 പേരും തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ അഞ്ച് പേരും നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ എട്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്. 11,938 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
972 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

കോവിഡ് ഭേദമായി ഏഴ് പേര്‍ കൂടി വീടുകളിലേക്ക് മടങ്ങി
മലപ്പുറം : കോവിഡ് സ്ഥിരീകരിച്ച് വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായ ഏഴു പേര്‍ വീടുകളിലേക്ക് മടങ്ങി. അഞ്ച് പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നിന്നും രണ്ട് പേര്‍ കാളികാവ് സഫ ആസ്പത്രിയില്‍ നിന്നുമാണ് പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക് മടങ്ങിയത്. കുവൈത്തില്‍ നിന്ന് മെയ് 19ന് നാട്ടില്‍ എത്തി രോഗം സ്ഥിരീകരിച്ച ഏഴ് മാസം പ്രായമുള്ള കുഞ്ഞ് (ചാത്തങ്ങോട്ട്പുറം ), മംഗലാപുരത്ത് നിന്നെത്തി മെയ് 29ന് രോഗം സ്ഥിരീകരിച്ച ആലിപ്പറമ്പ് സ്വദേശി മുഹമ്മദ് അന്‍സില്‍(26), മെയ് 31ന് രോഗം സ്ഥിരീകരിച്ച ആനക്കയം സ്വദേശി അബ്ദുല്‍ സലീം (31), മെയ് 21ന് റഷ്യയില്‍ നിന്നെത്തി ജൂണ്‍ ഒന്നിന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പെരുമ്പടപ്പ് സ്വദേശി മുഹമ്മദ് റനീഷ് (24), മെയ് 12ന് ചെന്നൈയില്‍ നിന്നെത്തി ജൂണ്‍ ഒന്നിന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച നന്നമ്പ്ര സ്വദേശി പ്രജീഷ് (30), മെയ് 23ന് ദുബൈയില്‍ നിന്നെത്തി ജൂണ്‍ ഒന്നിന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കാലടി സ്വദേശി റഫീഖ് (46), ഡല്‍ഹിയില്‍ നിന്ന് എത്തി മെയ് 29ന് രോഗം സ്ഥിരീകരിച്ച പുളിക്കല്‍ സ്വദേശി ഇബ്രാഹീം (30)എന്നിവരാണ് രോഗവിമുക്തരായത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇവര്‍ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.

അഞ്ച് പേര്‍ ഇന്നലെ കോവിഡ് വിമുക്തരായി
മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അഞ്ച് പേര്‍ കൂടി രോഗമുക്തരായി. ജൂണ്‍ ഒന്നിന് രോഗബാധ സ്ഥിരീകരിച്ചവരായ താഴേക്കോട് മാട്ടറക്കല്‍ സ്വദേശി 26 കാരന്‍, തൃക്കലങ്ങോട് എളങ്കൂര്‍ കുട്ടശ്ശേരി സ്വദേശി 21 കാരന്‍, ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ചവരായ ഗൂഡല്ലൂര്‍ ധര്‍മ്മഗിരി സ്വദേശി 40 കാരന്‍, തിരൂരങ്ങാടി വടക്കേമമ്പുറം പണ്ടാരങ്ങാടി സ്വദേശി 43 കാരന്‍, ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച മാറഞ്ചേരി മാസ്റ്റര്‍പ്പടി സ്വദേശി 20 കാരന്‍ എന്നിവര്‍ക്കാണ് രോഗംഭേദമായതെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ്ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.