കോവിഡ്: മരണമടഞ്ഞ പ്രവാസികളുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണം: മായിന്‍ഹാജി

12
പ്രവാസിലീഗ് കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ഇലയുണ്ട് സദ്യയില്ല പ്രതീകാത്മക സമരം എം.സി മായിന്‍ഹാജി ഉദ്ഘാടനം ചെയ്യുന്നു

ഇലയുണ്ട് സദ്യയില്ല പ്രതിഷേധ കാമ്പയിന്‍

കോഴിക്കോട്: കോവിഡ് മൂലം വിദേശത്ത് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ഹാജി ആവശ്യപ്പെട്ടു. പ്രവാസിലീഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച ‘ഇലയുണ്ട് സദ്യയില്ല’ എന്ന പ്രതീകാത്മക സമരത്തിന്റെ ഉല്‍ഘാടനം കോഴിക്കോട് കലക്ട്രേറ്റിന് മുമ്പില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റ തുടക്കത്തില്‍ നാട്ടിലേക്ക് വരാന്‍ തയ്യാറായ പ്രവാസികള്‍ക്ക് ആവശ്യമായ യാത്രാ സൗകര്യം നിഷേധിച്ചത് കാരണമാണ് ആയിരക്കണക്കിന് മലയാളികള്‍ രോഗബാധിതരാവുകയും ഇരുനൂറിലധികം പേര്‍ മരണമടയുകയും ചെയ്തത്. ഇത് അക്ഷന്തവ്യമായ കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫില്‍ ഇപ്പോഴും യാത്രാനുമതിക്കായി കാത്തിരിക്കുകയാണ് പ്രവാസികള്‍. മടങ്ങിയെത്തുന്നവരെ രക്ഷിക്കാന്‍ നടപടിയുണ്ടായായില്ലെങ്കില്‍ കനത്ത പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഇമ്പിച്ചി മമ്മു ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹുസ്സൈന്‍ കമ്മന , പി.കെ.മജീദ് ഹാജി, യു.കെ ഹുസ്സൈന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഹമദ് കുറ്റിക്കാട്ടൂര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ കറാളത്ത് പോക്കര്‍ ഹാജി നന്ദിയും പറഞ്ഞു.