മതിയായ ചികിത്സ ലഭിച്ചില്ല; കോവിഡ് ബാധിച്ച് എക്‌സൈസ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം

11

കണ്ണൂര്‍: കോവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഡ്രൈവര്‍ക്ക് മതിയായ ചികിത്സയും പരിചരണവും ലഭിച്ചില്ലെന്ന് കുടുംബം.
കണ്ണൂരില്‍ കോവിഡ് ബാധിച്ച് മരിച്ച കെപി സുനില്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കുടുംബം രംഗത്തെത്തിയത്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ നാലാം ദിവസമാണ് സുനില്‍ കുമാര്‍ മരിച്ചത്. ചികിത്സ കിട്ടുന്നില്ലെന്ന് ആസ്പത്രിയില്‍ നിന്ന് ബന്ധുക്കളോട് സുനില്‍ കുമാര്‍ ഫോണില്‍ പറഞ്ഞ സംഭാഷണത്തിന്റെ റെക്കോര്‍ഡും കുടുംബം പുറത്ത് വിട്ടിട്ടുണ്ട്. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് സുനില്‍ കുമാറിനെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. തിങ്കളാഴ്ച ഐസിയുവില്‍ നിന്ന് ബന്ധുവിന് അയച്ച ഓഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നത്. എന്നാല്‍ ബന്ധുക്കളുടെ ആരോപണം മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചു. ആസ്പത്രിയിലെത്തിക്കുമ്പോള്‍ കടുത്ത ന്യൂമോണിയ ബാധിച്ച് ശ്വാസകോശ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നുവെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍ വിശദീകരിച്ചു. ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാഴാഴ്ചയാണ് സുനില്‍ കുമാര്‍ മരിച്ചത്. ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനകം മറ്റ് രോഗങ്ങളൊന്നും ഇല്ലാതിരുന്ന 28കാരന്‍ മരിച്ചതില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുകയാണ്. അതേസമയം സുനില്‍ കുമാറിനും കണ്ണൂര്‍ നഗരത്തിലെ ഫഌറ്റില്‍ കഴിഞ്ഞിരുന്ന രോഗബാധയുണ്ടായത് സംബന്ധിച്ച് യാതൊരു സൂചനയും ഇല്ലായിരുന്നുവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. രോഗം ബാധിച്ചവര്‍ വിശദാംശങ്ങള്‍ പറയാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായും കലക്ടര്‍ ടിവി സുഭാഷ് പറഞ്ഞു.
നിലവില്‍ കണ്ണൂരില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്. 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് പിടിപെട്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. നാല് പേരാണ് ജില്ലയില്‍ നിന്ന് മരിച്ചത്.