മലപ്പുറം: രാജ്യത്തെ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (നീറ്റ് ) ജൂലൈ അവസാനവാരം നടക്കാനിരിക്കെ പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്ക് വിദേശത്ത് പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി. പരീക്ഷാ ദിവസത്തിനടുപ്പിച്ച് നാട്ടിലെത്തി പരീക്ഷയെഴുതാമെന്ന് കരുതി കോവിഡ് വ്യാപനം കാരണം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് എംബസി വഴിയോ കൗണ്സലേറ്റുകള് വഴിയോ പരീക്ഷ എഴുതാനുള്ള സാഹചര്യമൊരക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു. പ്രവേശന പരീക്ഷയ്ക്കായി വര്‍ഷങ്ങളായി പരിശീലിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാനാവുമോ എന്ന ആശങ്കയിലാണ്. ഇത് വിദ്യാര്‍ത്ഥികളില്‍ മാനസിക പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുന്നു. തങ്ങളുടെ ഒരു വര്‍ഷം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണവരുന്നും എംപി കത്തില്‍ ചൂണ്ടിക്കാട്ടി. പ്രവാസി ഇന്ത്യക്കാര്‍ കൂടുതലായുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും പികെ കുഞ്ഞാലികുട്ടി ആവശ്യപ്പെട്ടു.