രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വന്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 കേസുകളില്‍ വീണ്ടും ഗണ്യമായ വര്‍ധന. 24 മണിക്കൂറിനിടെ 14,516 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം നാലു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 3,95,048 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ 375 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 12,948ലെത്തി. 2,13,831 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.1,68,269 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. മഹാരാഷ്ട്രയും തമിഴ്‌നാടും ഡല്‍ഹിയും ഗുജറാത്തും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോഴും സ്ഥിതി രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 3,827 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ 2,115 പേര്‍ക്കും ഡല്‍ഹിയില്‍ 3,137 പേര്‍ക്കും ഗുജറാത്തില്‍ 538 പേര്‍ക്കും പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തിലേക്ക് നീങ്ങുകയാണ്.
ഇതിനിടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സംബന്ധിച്ച് ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറും സംസ്ഥാന സര്‍ക്കാറും തമ്മില്‍ രൂപപ്പെട്ട ഏറ്റുമുട്ടലിന് താല്‍ക്കാലിക പരിഹാരമായി. വിവാദ ഉത്തരവ് ലഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ പിന്‍വലിച്ചതോടെയാണ് പ്രശ്‌ന പരിഹാരത്തിന് വഴിയൊരുങ്ങിയത്.
കോവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ അഞ്ചു ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലേക്ക് മാറ്റണമെന്ന ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവിനെതിരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തെത്തിയത്. കോവിഡ് രോഗികളെക്കൊണ്ട് വീര്‍പ്പുമുട്ടുന്ന സംസ്ഥാനത്ത് നിലവില്‍ രോഗം സ്ഥിരീകരിച്ചവരെ ചികിത്സിക്കാന്‍ തന്നെ സൗകര്യങ്ങള്‍ പരിമിതമാണെന്നും ഈ സാഹചര്യത്തില്‍ എങ്ങനെയാണ് രോഗലക്ഷണങ്ങളുള്ള മുഴുവന്‍ പേര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഒരുക്കുകയെന്നും മുഖ്യമന്ത്രി അര്‍വിന്ദ് കെജ്‌രിവാള്‍ ചോദിച്ചിരുന്നു. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും കുറവ് ആസ്പത്രികളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ വിന്യസിക്കുകയെന്നും അദ്ദേഹം ചോദിച്ചിരുന്നു.