കാസര്‍കോട്: ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് അറിയിച്ചു. ഇതില്‍ മൂന്ന് കുവൈത്തില്‍ നിന്നും മൂന്നുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും രണ്ട് പേര് ദുബായില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 109 ആയി.
കോവിഡ് സ്ഥിരീകരിച്ചവര്‍
മെയ് 30ന് കുവൈത്തില്‍ നിന്ന് ഒരേ ഫ്ളൈറ്റില്‍ വന്ന 49, 45, 41 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശികള്‍, മെയ് 29ന് ദുബായില്‍ നിന്ന് വന്ന 42 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശി, മെയ് 28ന് ദുബായില്‍ നിന്നെത്തിയ 30 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി, മെയ് 25ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 60 വയസുള്ള മംഗല്പാടി സ്വദേശി, ജൂണ്‍ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിന് വന്ന 44 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, മെയ് 22ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിനെത്തിയ 58 വയസുള്ള വലിയപറമ്പ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് നെഗറ്റീവായവര്‍
ഉക്കിനടുക്ക കാസര്‍കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അഞ്ച് പേര്‍ക്കും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ടാള്‍ക്കും കോവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 28 ന് രോഗം സ്ഥിരീകരിച്ച 39, 48 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശികള്‍, 45 വയസുള്ള പൈവളിഗാ സ്വദേശി, 31 വയസുള്ള കുറ്റിക്കോല്‍ സ്വദേശി, എന്നിവര്‍ ഉക്കിനടുക്ക കാസര്‍കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും സമ്പര്‍ക്കം വഴി ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച ഈസ്റ്റ് എളേരിയില്‍ സ്ഥിരതാമസമായ 28 വയസുള്ള കരിന്തളം സ്വദേശി, കുവൈത്തില്‍ നിന്നെത്തി മെയ് 30ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള പിലിക്കോട് സ്വദേശിനി എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും രോഗമുക്തി നേടി.
ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം 20 പേരെ അറസ്റ്റ് ചെയ്തു
കാസര്‍കോട്: നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2597 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3266 പേരെ അറസ്റ്റ് ചെയ്തു. 1117 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച ജില്ലയില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-1, കാസര്‍കോട്-2, ബദിയടുക്ക-1, ബേഡകം-1, ബേക്കല്‍-1, ഹോസ്ദുര്‍ഗ്-1, നീലേശ്വരം-1, ചന്തേര-2, വെള്ളരിക്കുണ്ട്-3, ചിറ്റാരിക്കാല്‍-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 20 പേരെ അറസ്റ്റ് ചെയ്തു. 11 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
ആന്റിബോഡി പരിശോധന ഇന്ന് മുതല്‍
കാസര്‍കോട്: സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി പരിശോധന ടെസ്റ്റ് ഇന്നു മുതല്‍ ജില്ലയില്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, പൊതു ജനസമ്പര്ക്കംകൂടുതലുള്ള പൊതുപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, ട്രക്ക് ഡ്രൈവര്‍മാര്‍, ഉള്‍പ്പെടെ സമീപകാല യാത്ര ചരിത്രം ഉള്ളവര്‍ വീടുകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലും നിരീക്ഷണത്തി
ലുള്ളവര്‍ 60 വയസ്സിന് മുകളിലുള്ളവര്‍,ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവരെയാണ് പരിശോധിക്കുന്നത്. രോഗികളെ പരിചരിക്കുന്നതും അല്ലാത്തതുമായ ആരോഗ്യ പ്രവര്‍ത്തകരെ ആശുപത്രികളില്‍ വച്ചാകും പരിശോധിക്കുക, പോലീസ്, ആശാ,അങ്കണ വാടി ,ആരോഗ്യ പ്രവര്‍ത്തകര്‍ ,മാധ്യമപ്രവര്‍ത്തകര്‍, ഭക്ഷണം വിതരണം ചെയ്യുന്നവര്‍ കടകളില്‍ ജോലി ചെയ്യുന്നവര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ട്രക്ക് ഡ്രൈവര്‍മാര്‍, ട്രക്ക് ഡ്രൈവര്‍ മാരുമായി സമ്പര്‍ക്ക സാധ്യതയുള്ള വര് എന്നിവരെയും പരിശോധിക്കും. അതിഥി തൊഴിലാളി ക്യാമ്പുകളെ കേന്ദ്രമാക്കിയും വീടുകളിലും നിരീക്ഷണ കേന്ദ്രങ്ങളിലും ഉള്ളവരെ അവിടെ എത്തിയും പരിശോധിക്കും. 60 വയസ്സിനു മുകളിലുള്ള വരെയും പരിശോധിക്കും. കോവിഡ് പരിചരണ സംവിധാനമില്ലാത്ത ആശുപത്രികളില്‍ ശ്വാസ സംബന്ധമായ രോഗങ്ങളുമായി ചികിത്സ തേടുന്നവര്‍, രോഗ ഉറവിടം സ്ഥിരീകരിക്കാത്ത വരുടെ പരിസരങ്ങളില്‍ ഉള്ളവര്‍ 14 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തു പുറത്തു നിന്ന് എത്തിയവര്‍ എന്നിവരെയും പരിശോധിക്കും. ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. മഞ്ചേശ്വരം താലൂക്കില്‍ മംഗല്പാടി താലൂക്ക് ആശുപത്രിയും, വെള്ളരിക്കുണ്ട് താലൂക്കില്‍ പനത്തടി താലൂക്ക് ആശുപത്രിയും, ഹൊസ്ദുര്‍ഗ് താലൂക്കില്‍ ജില്ലാശുപത്രി കാഞ്ഞങ്ങാടും, കാസര്‍കോട് താലൂക്കില്‍ ജനറല്‍ ആശുപത്രിയും കേന്ദ്രികരിച്ചാണ് പരിശോധന നടത്തുന്നത് . ഓരോ സ്ഥാപനത്തിലും മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്സ്, ലാബ്ടെക്നിഷ്യന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ അടങ്ങിയ ടീമിനെ നിയോഗിച്ചിട്ടുണ്ട്
നിരീക്ഷണത്തില്‍ 3820 പേര്
വീടുകളില്‍ 3324 പേരും ആശുപത്രികളില്‍496 പേരുമുള്‍പ്പെടെ 3820 പേരാണ് നിരീക്ഷണത്തിലുള്ളത്. 8567 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 293പരിശോധനഫലം ലഭിക്കാനുണ്ട്. 224 പേര് നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. ഇന്നലെ11 പേരെ ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 134 പേര് ഡിസ്ചാര്‍ജ് ചെയ്തു.