കോവിഡ് പ്രതിരോധം താളംതെറ്റുന്നു പാലക്കാട് ജില്ലയില്‍ സമ്പര്‍ക്കരോഗികള്‍ 34 ആയി

അകലമെവിടെ: കോവിഡ്മാനദണ്ഡം ലംഘിച്ച് വൈകുന്നേരങ്ങളിലെ കെ.എസ്.ആര്‍.ടി.സി യാത്ര. ഒരു സായാഹ്ന നഗര ദൃശ്യം

സര്‍ക്കാര്‍ ജീവനക്കാരില്‍ രോഗം പടരുന്നതില്‍ ആശങ്ക

പാലക്കാട്: ഇന്നലെ ആറുപേര്‍ക്ക് കൂടി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ്പ്രതിരോധ നടപടികള്‍ താളംതെറ്റുന്നതായി പരാതി ഉയര്‍ന്നു. ഇന്നലെ സ്ഥിരീകരിച്ച ആറുപേരില്‍ മൂന്നുപേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇതോടെ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നവരുടെ എണ്ണം 34 ആയി ഉയര്‍ന്നു. ഇതില്‍ ബഹുഭൂരിപക്ഷംപേരും ആരോഗ്യവകുപ്പിലെ ആസ്പത്രികളുമായി ബന്ധപ്പെട്ട ജീവനക്കാരാണ് എന്നത് സര്‍ക്കാരിന്റെ അലംഭാവമാണ് തെളിയിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ അഞ്ചുപേര്‍വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഇന്നലെ മൂന്നുപേര്‍ക്കും. ഇതിനുമുമ്പും സമ്പര്‍ക്കത്തിലൂടെ രണ്ടുപേര്‍ക്ക് ജില്ലാ ആസ്പത്രിയില്‍ കോവിഡ്ബാധിച്ചിരുന്നു. ഇതോടെ കോവിഡ് ബാധിതരാവുന്ന ജില്ലാ ആസ്പത്രി ജീവനക്കാരുടെ എണ്ണം മാത്രം 17 ആയി. വാളയാറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 40കാരനായ പുരുഷനും കോവിഡ്ബാധ ഉണ്ടായത് സര്‍ക്കാര്‍തലത്തില്‍ വേണ്ടത്ര ജാഗ്രത ഇല്ലാത്തത് കാരണമാണെന്ന് പരാതി ഉയര്‍ന്നു. മൊത്തം ഇന്നലെ വരെ ജില്ലയിലെ കോവിഡ്ബാധിതരുടെ എണ്ണം 159 ആയിരിക്കുകയാണ്.
കഴിഞ്ഞദിവസം മൂന്നുപേര്‍ക്കാണ് ജില്ലാ ആസ്പത്രിയില്‍ കോവിഡ്ബാധിച്ചത്. ഒരാഴ്ചക്കിടെ മാത്രം ഹെഡ് നഴ്‌സ്, സ്്റ്റാഫ് നഴ്‌സുമാര്‍, ഇ.സി.ജി ടെക്‌നീഷ്യന്‍, ശുചീകരണതൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് കോവിഡ്ബാധിച്ചു. മതിയായ പി.പി.ഇ കിറ്റുകള്‍ ലഭ്യമല്ലാത്തതും അത് ഉപയോഗിക്കാത്തതുമാണ് രോഗം പടരാന്‍ കാരണമാകുന്നത്. രണ്ടാഴ്ചമുമ്പ് കോവിഡ് പരിശോധനലാബ് ഉദ്ഘാടന ചടങ്ങില്‍ ഉണ്ടായിരുന്ന ജീവനക്കാരിലൊരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതുമൂലം എം.പി, എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഡി.എം.ഒ, ഡെപ്യൂട്ടി ഡി.എം.ഒ, ആസ്പത്രി സൂപ്രണ്ട് എന്നിവര്‍ ക്വാറന്റീനില്‍ പോയിരിക്കുകയാണ്. ജില്ലാ ആസ്പത്രിയിലെ 200ഓളം ജീവനക്കാരാണ് നിലവില്‍ ക്വാറന്റീനില്‍ പോയിരിക്കുന്നത്. ഇതോടെ ജില്ലാ ആസ്പത്രിയില്‍ കോവിഡ് ചികിത്സ താളംതെറ്റിയിരിക്കുകയാണ്. ജില്ലാ കോവിഡ് നോഡല്‍ ഓഫീസര്‍ കൂടി ക്വാറന്റീനില്‍ പോയതോടെ കോവിഡ് വാര്‍ഡില്‍ ഭക്ഷണമെത്താത്ത സ്ഥിതിയുമുണ്ടായി. വാളയാറില്‍ വേണ്ടത്ര സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്തത് അവിടെ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ക്കും പൊലീസ്, ഇതര ഉദ്യോഗസ്ഥര്‍ക്കും രോഗംപടരാനുള്ള സാധ്യതവര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞദിവസം ലക്ഷദ്വീപില്‍ നിന്നെത്തി പരിശോധനക്ക് വിധേയനായ യുവാവിന് നെഗറ്റീവ്ഫലം വന്നതിനെ തുടര്‍ന്ന് വീട്ടിലേക്ക് വിട്ടെങ്കിലും പിന്നീട് പോസിറ്റീവായതോടെ ഇയാളുടെ വീടും പരിസരവും ്അടങ്ങുന്ന വാര്‍ഡ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇയാള്‍ ബാര്‍ബര്‍ഷാപ്പില്‍ പോയി മുടിവെട്ടിച്ചതായും പറയുന്നു.
കഴിഞ്ഞദിവസം നഗരത്തിലെ ഹോട്ടലില്‍ നിന്ന് ഏഴുദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോയയാള്‍ക്ക് പോസിറ്റീവായതോടെ അയാളെ കണ്ടെത്താന്‍ വൈകിയത് രോഗംപടരാനിടയാക്കി. വിലാസം തിരിച്ചറിയാതിരുന്നതാണ് കാരണമായത്. കടമ്പഴിപ്പുറത്ത് കഴിഞ്ഞദിവസം കോവിഡ്ബാധിച്ച് മരിച്ച വൃദ്ധയുടെ പ്രാഥമികസമ്പര്‍ക്കപട്ടികയില്‍പ്പെട്ട 45കാരനും 16കാരനും 52കാരനും ഇന്നലെ രോഗംസ്ഥിരീകരിച്ചത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. ഹോട്ടലുകളും ആരാധനാലയങ്ങളും ഇന്ന് തുറന്നുകൊടുക്കുന്നതോടെ രോഗവ്യാപനം ഇനിയും വര്‍ധിച്ച് സാമൂഹിക വ്യാപനത്തിലേക്ക് എത്തിയേക്കുമെന്ന ഭീതി പരക്കെ ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ സര്‍ക്കാരിനെ മാത്രം ആശ്രയിക്കാതെ സ്വയം നിയന്ത്രണങ്ങള്‍ പാലിക്കുകയാണ് രോഗവ്യാപനം തടയാനുള്ളപോംവഴി.

കൊടുവായൂര്‍ അങ്ങാടി ഹോട്ട്‌സ്‌പോട്ട്
കൊടുവായൂര്‍: ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാര്‍ക്കറ്റായ കൊടുവായൂരില്‍ പച്ചക്കറി കൊണ്ടുവന്ന ലോറിഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊടുവായൂര്‍ നഗരം ഉള്‍പ്പെടുന്ന വാര്‍ഡ് ഇന്നലെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇതോടെ അങ്ങാടിയിലെ വ്യാപാരം പ്രതിസന്ധിയിലായി. കര്‍ശനമായ നിയന്ത്രണമാണ് പച്ചക്കറി മാര്‍ക്കറ്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊടുവായൂരിലെ പ്രശസ്തമായ പച്ചക്കറികടയിലേക്ക് ലോഡ് കയറ്റിവന്ന ആള്‍ വിവിധആളുകളുമായി സമ്പര്‍ക്കം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇയാള്‍ അങ്ങാടിയില്‍ ചായക്കടയില്‍ നിന്ന് ഭക്ഷണം കഴിച്ചതായും പറയുന്നു. ഇവിടെ നിന്ന് ഇയാള്‍ സ്വദേശമായ വയനാട്ടിലെ മാനന്തവാടിയിലേക്കാണ് യാത്രചെയ്തത്. അവിടെവെച്ചാണ് ജൂണ്‍ മൂന്നിന് രോഗംസ്ഥിരീകരിച്ചത്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പരിശോധനാഫലം നെഗറ്റീവ്
പാലക്കാട്: ഡി.എം.ഒ കെ പി റീത്തയുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ് ആയതായി ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. ഫലം നെഗറ്റീവ് ആണെങ്കിലും നിരീക്ഷണ കാലാവധി പൂര്‍ത്തിയാകുന്നതുവരെ വീട്ടിലിരുന്ന് ഔദ്യോഗിക കാര്യങ്ങള്‍ നിയന്ത്രിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് 19 സ്ഥിരീകരിച്ച ചില ആരോഗ്യ പ്രവര്‍ത്തകരുമായി സമ്പര്‍ക്കമുണ്ടായതിനാലാണ് ഡി.എം.ഒ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചത്.14 ദിവസം കഴിഞ്ഞ് ജൂണ്‍ 11 നാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാകുക. 12 മുതല്‍ നേരിട്ട് ജോലിയില്‍ സജീവമാകുമെന്നും ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.

ഹോട്ടലുകള്‍ തുറക്കും
പാലക്കാട്: കോവിഡ്മാനദണ്ഡങ്ങള്‍ പാലിച്ച് കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ നാളെമുതല്‍ ജില്ലയിലെ ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് ജില്ലാ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു.

പള്ളികള്‍ തുറക്കില്ല
പാലക്കാട്: ഇന്നുമുതല്‍ കേന്ദ്രസര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിനല്‍കിയിട്ടുണ്ടെങ്കിലും ജില്ലയിലെ മുസ്്‌ലിംപള്ളികള്‍ തുറന്നുപ്രവര്‍ത്തിക്കേണ്ടതില്ലെന്ന് അതാത് മഹല്ല് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു. കോവിഡ്ബാധ തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ നിലവിലെ അവസ്ഥ തുടരുമെന്നും ഭാവിയില്‍ സ്ഥിതിഗതികള്‍ പുന:പരിശോധിച്ചശേഷം വേണ്ടിവന്നാല്‍ അപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നകാര്യം തീരുമാനിക്കുമെന്നും വിവിധ മതസംഘടനകളും മഹല്ല്കമ്മിറ്റികളും അറിയിച്ചു. അതേസമയം തുറക്കുന്നപള്ളികളില്‍ ഖത്തീബും മുക്രിയും മാത്രം പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കും.
തുറക്കാത്ത മുസ്്‌ലിംപള്ളികള്‍ താഴെപറയുന്നു: മേപ്പറമ്പ് മുസ്്‌ലിംസഹോദരസംഘം മഹല്ല് ജുമാമസ്ജിദ്, പുതുപ്പള്ളിത്തെരുവ് സലഫി ജുമാമസ്ജിദ്, കിണാശ്ശേരി ഹനഫിജുമാമസ്ജിദ്, പറക്കുന്നം ജുമാമസ്ജിദ്്, കാമ്പ്രത്ത്ച്ചള്ള ജുമാമസ്ജിദ്, മുതലമട ജുമാമസ്ജിദ്, വടക്കഞ്ചേരി ജുമാമസ്ജിദ്, നെന്മാറ വട്ടക്കാട് ജുമാമസ്ജിദ്.
നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാന്‍ കഴിയാത്ത പള്ളികള്‍ തുറക്കില്ലെന്നും നൂറുപേരെമാത്രം പങ്കെടുപ്പിക്കണമെന്ന നിബന്ധനകാരണം ജുമുഅ നടത്തുന്നത് അനുവദനീയമല്ലെന്നും ജമാഅത്തുല്‍ഉലമ(ഹനഫി) പ്രസിഡന്റ് മുഹമ്മദ്ഇല്യാസ് ഇംദാദി പ്രസ്താവനയില്‍ അറിയിച്ചു. ഹോട്ട്‌സ്‌പോട്ട് മേഖലകളിലും പള്ളികള്‍ തുറക്കുന്നില്ല. നിബന്ധനപൂര്‍ണമായും പാലിച്ചുവേണം പള്ളികള്‍ തുറക്കാനെന്ന് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്ജിഫ്രി മുത്തുക്കോയതങ്ങളും കെ.എന്‍.എം സംസ്ഥാനപ്രസിഡന്റ് ടിപി അബ്ദുല്ലകോയ മദനിയും അറിയിച്ചു.
പട്ടാമ്പി സിവില്‍ സ്‌റ്റേഷന്‍ ജുമാമസ്ജിദ് (മസ്ജിദുല്‍ ഇസ്‌ലാഹ്) പള്ളി തുറക്കുന്നത് താല്‍ക്കാലികമായി നീട്ടിവെക്കുന്നതായി ഭാരവാഹികളായ ചെറുകോയ തങ്ങള്‍, കെ.എ അബൂബക്കര്‍, അബ്ദുസലഫി എന്നിവര്‍ അറിയിച്ചു.
മണ്ണാര്‍ക്കാട്: പള്ളികള്‍ തുറന്നാലും ജുമുഅ നമസ്‌കാരമുണ്ടാകില്ലെന്ന് സംയുക്ത മഹല്ല് കമ്മറ്റി. പുറത്ത് നിന്നും കൂടുതല്‍ പേര്‍ എത്തുന്ന ആസ്പത്രിപ്പടി ഹനഫി മസ്ജിദ് പൂര്‍ണ്ണമായും അച്ചെിടുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മണ്ണാര്‍ക്കാട് ടൗണിലെ നാലുമഹല്ലുകളായ മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദ്, കോടതിപ്പടി ജുമാ മസ്ജിദ്, ടൗണ്‍ ഹനഫി ജുമാ മസ്ജിദ്, നെല്ലിപ്പുഴ ജുമാ മസ്ജിദ് എന്നിവയിലെ ഖാസിമാരുടെയും മഹല്ല് കമ്മിറ്റി അംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം.യോഗത്തില്‍ ഉസ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. നെല്ലിപ്പുഴ മഹല്ല് ഖാസി മുഹമ്മദ് റഫീക്ക് അന്‍വ്വരി, പ്രസിഡന്റ് കോയാമു, സെക്രട്ടറി സലീം, ടൗണ്‍ ഹനഫി ജുമാ മസ്ജിദ് പ്രസിഡന്റ് ടി. ജബ്ബാര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹായ്, സെക്രട്ടറി മുഹമ്മദ് ബഷീര്‍, കോടതിപ്പടി മഹല്ല് ഖാസി മുഹമ്മദാലി അന്‍വരി, പ്രസിഡന്റ് സി.കെ നാസര്‍, സെക്രട്ടറി ബഷീര്‍ കക്കോടി തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് മുഴുവന്‍ പള്ളികളും അണുവിമുക്തമാക്കല്‍ നടക്കും.

കുളപ്പുള്ളിയില്‍ കോവിഡ് സമ്പര്‍ക്ക ഭീതി
ഷൊര്‍ണൂര്‍: കുളപ്പുള്ളി ഗവ.പ്രസ്സിലെ ഒരു ജീവനക്കാരനും കുടുംബവും ക്വാറന്റീനില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് മറ്റു ജീവനക്കാര്‍ ആശങ്കയില്‍. പ്രസ്സ് ജീവനക്കാരന്റെ ഒരു സഹോദരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ ആസ്പത്രിയില്‍ ഐസോലഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ജില്ലാ ആസ്പത്രി ജീവനക്കാരനായിരുന്ന ഇയാളുടെ മകളുടെ പിറന്നാള്‍ ആഘോഷത്തിന് സഹോദരനായ പ്രസ് ജീവനക്കാരന്‍ പങ്കെടുത്തിരുന്നു. പിറന്നാള്‍ ആഘോഷം കഴിഞ്ഞതിന് ശേഷമാണ് ആസ്പത്രി ജീവനക്കാരന്റെ പരിശോധനാ ഫലം പോസിറ്റീവായത്. പിറന്നാള്‍ ആഘോഷത്തിനു ശേഷം പ്രസ് ജീവനക്കാരന്‍ ഗവ.പ്രസ്സില്‍ ജോലിക്കെത്തുകയും ചെയ്തു. പ്രസിലെ ഓഫീസ് സ്റ്റാഫായ ജീവനക്കാരന്‍ പ്രസിലെ ജീവനക്കാരുടെ സൊസെറ്റിയിലും പോയിരുന്നു. ഇയാളോട് അടുത്തു പഴകിയ എട്ടോളം സഹപ്രവര്‍ത്തകരോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു കഴിഞ്ഞു. പ്രസ്സ് ജീവനക്കാരന്‍ കുളപ്പുള്ളി ടൗണില്‍ പരിചയക്കാരുമായി ആശയവിനിമയം നടത്തിയതായി പറയുന്നു. ജീവനക്കാരന്റെ സഹോദരനായ ആസ്പത്രി ജീവനക്കാരന്‍ ഐസെലഷന്‍ വാര്‍ഡില്‍ പ്രവേശിച്ചത് അറിഞ്ഞതിനെ തുടര്‍ന്നാണ് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചത്. പ്രസ് ജീവനക്കാരന്‍ വെള്ളിയാഴ്ച ജോലി ചെയ്തിരുന്നു. അന്ന് പ്രസില്‍ നൂറില്‍പരം പേര്‍ ജോലിക്കെത്തിയിരുന്നു. ഈ സാഹചര്യമാണ് പ്രസ്സിലെ തൊഴിലാളികരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.