കോവിഡ് പ്രതിരോധം: പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്ത് സ്വകാര്യ ആശുപത്രികള്‍

11

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് സ്വകാര്യ ആശുപത്രി മാനേജ്മെന്റ്. കോവിഡ് ചികിത്സക്കും കോവിഡ് ഇതര ചികിത്സക്കും എല്ലാവിധ പിന്തുണയും അറിയിച്ച മാനേജ്‌മെന്റുകള്‍, ലാബ്, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി സേവനങ്ങള്‍ അത്യാവശ്യഘട്ടങ്ങളില്‍ നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ വീഡിയോ കോണ്‍ഫറന്‍സിലാണ് മാനേജ്‌മെന്റുകള്‍ പിന്തുണ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നേരത്തെ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ചര്‍ച്ച. കോവിഡ് പ്രതിരോധത്തില്‍ സ്വകാര്യ ആശുപത്രികളുടെ പങ്ക് വളരെ വലുതാണെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഒരു വശത്ത് കോവിഡ് ചികിത്സയോടൊപ്പം മറുവശത്ത് മറ്റ് രോഗങ്ങളുടെ ചികിത്സയും കൊണ്ടു പോകേണ്ടതുണ്ട്. മഴക്കാലമായതിനാല്‍ നിരവധി പകര്‍ച്ചവ്യാധി രോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കൂടി ആവശ്യമായി വരും.
കേരളത്തിന് പുറത്ത് നിന്നും ഇനിയും ധാരാളം പേര്‍ എത്തുമെന്നതിനാല്‍ കൂടുതല്‍ മുന്നൊരുക്കം ആവശ്യമാണ്. ഒറ്റ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. ഇതിനായി എല്ലാ ആശുപത്രികളുടേയും പിന്തുണ മന്ത്രി തേടി. ഐ.എം.എ., സ്വകാര്യ മെഡിക്കല്‍ കോളജുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ആശുപത്രികളിലെ മാനേജ്മെന്റുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.