കോവിഡ്: പ്രശ്‌നം സങ്കീര്‍ണം; ജാഗ്രത വെടിയരുതെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: കോവിഡ്19 കേസുകള്‍ അനുദിനം വര്‍ധിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിന്റെ പേരില്‍ 80 ആരോഗ്യ പ്രവര്‍ത്തകരാണ് സ്വയം നിരീക്ഷണത്തില്‍ പോയത്. പ്രസവത്തിനോട് അനുബന്ധിച്ച അസുഖങ്ങളുമായി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ യുവതി വിവിധ ഡിപാര്‍ട്ട്‌മെന്റുകളില്‍ എത്തിയിരുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മറ്റും യുവതിയുമായി സമ്പര്‍ക്കമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അവരെല്ലാം ക്വാറന്റീനില്‍ പോയത്. അതേസമയം, മാവൂരില്‍ രോഗി പലരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മാവൂര്‍ പഞ്ചായത്ത് കണ്ടെയിന്‍മെന്റ് സോണ്‍ ആയി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു പുറമെ നാദാപുരം, കുറ്റ്യാടി, തൂണേരി ഭാഗങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവതിക്ക് എങ്ങനെ രോഗം ബാധിച്ചു എന്ന് വ്യക്തമല്ല. അവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുകയെന്നതും ദുഷ്‌ക്കരമാണ്. രോഗം സ്ഥിരീകരിച്ചവരുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത കേസുകള്‍ വര്‍ധിക്കുന്നുവെന്നത്് ആശങ്കയുണ്ടാക്കുന്നതാണ്. തൂണേരിയില്‍ മത്സ്യത്തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കിയിരുന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. അതേസമയം, നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതും ആശങ്കയോടെയാണ് ജനം കാണുന്നത്. വ്യക്തികള്‍ എന്ന നിലയില്‍ അതീവ ജാഗ്രത കാണിക്കാന്‍ ഓരോരുത്തരും തയാറാകേണ്ട സന്ദര്‍ഭമാണിത്. ഓരോരുത്തരും സ്വയം കരുതല്‍ നടപടി സ്വീകരിക്കുക എന്നിടത്തേക്ക് കാര്യങ്ങള്‍ എത്തുകയാണ്. മെഡിക്കല്‍ കോളജില്‍ നിന്ന് രോഗി ചാടിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ ഇപ്പോഴും ന്യൂനതകളുണ്ട് എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.
രോഗം ബാധിക്കുന്നത് ഒരു കുറ്റമല്ല. രോഗികളെ ഒറ്റപ്പെടുത്താനും പാടില്ല. എന്നാല്‍, രോഗം പടരാതിരിക്കാന്‍ എല്ലാവര്‍ക്കും മുന്‍കരുതല്‍ എടുക്കാന്‍ കഴിയും. ഇതിനാണ്് പ്രാധാന്യം കൊടുക്കേണ്ടതെന്ന് ആരോഗ്യവിഭാഗം പറയുന്നു. വടകരമേഖലയില്‍ രോഗം കൂടുതല്‍ കണ്ടുവരുന്നുണ്ട്. അതേസമയം, നഗരത്തിലും കോര്‍പറേഷന്‍ പരിധിയിലും താരതമ്യേന കുറവാണ്. അതുകൊണ്ടുതന്നെ മുന്‍കരുതല്‍ നിര്‍ബന്ധമാണ്. ബസുകളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ കയറ്റാമെന്ന വ്യവസ്ഥ വന്നതോടെ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി.
ഇരിപ്പിടം കിട്ടാതെ നിന്നു യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടി വരികയാണ്. അന്തര്‍ജില്ലാ സര്‍വീസുകള്‍ അനുവദിച്ചതും ജനങ്ങളുടെ ബാഹുല്യത്തിന് ഇടയാക്കുന്നു. അതേസമയം, ഇനിയും കൂടുതല്‍കാലം നിയന്ത്രണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് അധികൃതര്‍.
മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ കോവിഡ് ചികിത്സയാണ് കാര്യമായി നടക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒഴികെ മറ്റെല്ലായിടത്തും കോവിഡ് രോഗികളെയാണ് ചികിത്സിക്കുന്നത്. എല്ലുരോഗ വിഭാഗത്തിലും ഹൃദ്രോഗ വിഭാഗത്തിലും മറ്റും അത്യാവശ്യ കേസുകള്‍ മാത്രമാണ് നോക്കുന്നത്. ഓപ്പറേഷന്‍ നിശ്ചയിച്ച പലരും എത്തുന്നില്ല. കൂടുതല്‍ രോഗികള്‍ എത്തുന്ന അവസ്ഥ ഒഴിവാക്കണമെന്ന് കലക്ടറേറ്റില്‍ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. താലൂക്ക് ആസ്പത്രികള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ചികിത്സാസൗകര്യം ഒരുക്കാനാണ് നീക്കം.