കോവിഡ്: ഭീതി നിറച്ച് തമിഴ്നാടും മഹാരാഷ്ട്രയും

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ 97,648, മരണം 3590

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ലക്ഷത്തോട് അടുക്കുന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 3607 പുതിയ കേസുകളും 152 മരണങ്ങളുമാണ്.
ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കേസാണിത്. ഇതോടെ മഹാരാഷ്ട്രയിലെ കോവിഡ് രോഗികളുടെ എണ്ണം 97,648 ആയി. മരണ സംഖ്യ 3,590 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ തലസ്ഥാനമായ മുംബൈയില്‍ കോവിഡ് രോഗികളുടെ എണ്ണം 54,000 കവിഞ്ഞു. ധാരാവിയില്‍ പുതുതായി 20 കേസുകളും രണ്ട് മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ മാത്രം 1984 കേസുകളും 75 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്നലെ മാത്രം 1877 പുതിയ കേസുകളും 65 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഡല്‍ഹിയിലെ കോവിഡ് കേസുകള്‍ 34,687 ആയും മരണ സംഖ്യ 1059 ആയും ഉയര്‍ന്നു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ഗുജറാത്തില്‍ ഇന്നലെ 513 പുതിയ കേസുകളും 38 മരണവും സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 22,067 കോവിഡ് രോഗികളും 1385 മരണവുമാണ് ഇത് വരെ സ്ഥിരീകരിച്ചത്. അതേ സമയം ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 1875 പുതിയ കേസുകളും 23 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 38,716 ആയി ഉയര്‍ന്നു. മരണ സംഖ്യ സംബന്ധിച്ച വിവാദങ്ങള്‍ അവസാനിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ കണക്ക് അനുസരിച്ച് ഇതുവരെ 349 പേരാണ് തമിഴ്നാട്ടില്‍ മരിച്ചത്. 26,000ത്തില്‍ അധികം കോവിഡ് കേസുകള്‍ (70 ശതമാനത്തോളം) റിപ്പോര്‍ട്ട് ചെയ്തത് തലസ്ഥാനമായ ചെന്നൈയിലാണ്.
ചെന്നൈയില്‍ മാത്രം കടുത്ത ലോക്ക്ഡൗണ്‍ നടപ്പിലാക്കാനാവില്ലേ എന്ന് ഇന്നലെ ഒരു പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് ചോദിച്ചിരുന്നു. 17,659 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ 204 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 6,245 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 72 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.