ഷൊര്‍ണൂര്‍: വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ വീടുകളിലെത്തിക്കാനും തിരിച്ച് കൊണ്ടു ചെന്നാക്കാനും ഷൊര്‍ണൂരിലെ ആറുടാക്സി ഡ്രൈവര്‍മാര്‍ക്ക് ഒരു പേടിയുമില്ല. ടാക്സി വിളിക്കാനെത്തുന്നവര്ക്കും ഓടിക്കുന്നവര്‍ക്കും കോവിഡ് ഭീതിയില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയാണ് ഇവര്‍ തൊഴിലിനോടും നാടിനോടും നീതി പുലര്‍ത്തിയത്. അക്രലിക് ഷീറ്റും ഫോറക്സ് ഷീറ്റുമുപയോഗിച്ച് കാറിന്റെ ഉള്‍വശം രണ്ടാക്കി മാറ്റുകയാണ് ആദ്യം ചെയ്തത്. ഇതോടെ പരസ്പരം നേരിട്ട് സമ്പര്‍ക്കമില്ലാതെ എത്രദൂരം വേണമെങ്കിലും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയതോടെ ഏറെ ആശ്വാസമായി. യാത്രക്ക് മുന്‍പും ശേഷവും ഹൈഡ്രോക്ലോറൈസ് ലായനി ഉപയോഗിച്ച് വാഹനം വ്യത്തിയാക്കും. കൈയില്‍ ഗ്ലാസിട്ടാണ് വാഹനം കഴുകുക.ഇത്തരമൊരു സൗകര്യമൊരുക്കിയ വിവരം ഷൊര്‍ണൂരിലെയും ചെറുതുരുത്തിയിലെയും ആരോഗ്യവകുപ്പധികൃതരെ അറിയിച്ചതോടെ സുരക്ഷിതമായയാത്രക്ക് ‘കോവിഡ് ഫ്രന്റ്ലി’ കാര്‍ ആവശ്യപ്പെട്ട് ആളുകള്‍ വരാനും തുടങ്ങിയിട്ടുണ്ട്. വിമാനത്താവളത്തിലോ റെയില്‍വെ സ്റ്റേഷനിലോ ഇറങ്ങി ലക്ഷ്യസ്ഥാനത്തെത്തേണ്ടവരെ കൊണ്ടുപോവാന്‍ വരുന്ന വീട്ടുകാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ക്വാറന്റൈന് നിര്‍ബന്ധമാണെന്നത് പ്രായോഗികമായി വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പുതിയ സൗകര്യത്തോടെ ഈ പ്രശ്നം ഒഴിവാക്കാനാവുമെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. എസ്.പ്രഭു, എം.പ്രമോദ്, കെ.എസ് സുജിത്, സയ്യിദ് ആഷിഖ്, അബ്ബാസ്, ഉദയകുമാര്‍ എന്നിവരാണ് ഫൊര്ണൂര് റെയില്‍വെ ടാക്സി സ്റ്റാന്റില്‍ നിന്ന് കാറുകള്‍ ഓട്ടത്തിന് തയ്യാറാക്കിയിരിക്കുന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങിയ സാഹചര്യത്തില്‍ ഇത്തരം കാറുകള്‍ ഏറെ ഗുണപ്രദമാകുമെന്നാണ് കരുതുന്നത്.