റിയാദ് : ജൂണ്‍ 20 മുതല്‍ സഊദിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് പോകുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി റിയാദില്‍ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ അറിയിച്ചു. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. പുതിയ തീരുമാനപ്രകാരം റിസള്‍ട്ട് നെഗറ്റീവ് ആയ യാത്രക്കാര്‍ക്ക് മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നല്കാനാവൂവെന്ന് എംബസി അറിയിച്ചു. എന്നാല്‍ വന്ദേഭാരത് മിഷനില്‍ വരുന്ന മലയാളികള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല എന്നും എംബസി അറിയിച്ചു. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ പോകാനുദ്ദേശിക്കുന്ന യാത്രക്കാര്‍ എത്ര സമയം മുമ്പേ ടെസ്റ്റ് നടത്തണമെന്നോ എവിടെ നിന്നാണ് ഇത് ചെയ്യേണ്ടതെന്നോ വ്യക്തമാക്കിയിട്ടില്ല. ഇതോടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ അടിയന്തര ആവശ്യങ്ങളിലുള്ളവരെ നാട്ടിലെത്തിക്കാനുള്ള കെ.എം.സി.സി അടക്കമുള്ള സംഘടനകളുടെ ശ്രമങ്ങള്‍ അനിശ്ചിതാവസ്ഥയിലായി. ഇത്തരമൊരു തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോള്‍ തന്നെ ശക്തമായ പ്രതിഷേധമണ്ടായിരുന്നു.
അതൊന്നും വകവെക്കാതെയാണ് സര്‍ക്കാര്‍ എംബസിക്ക് നേരത്തെ ഇറക്കിയ ഉത്തരവിന്റെ കോപ്പി കൈമാറിയത്. മറ്റു സംസ്ഥാങ്ങള്ക്കൊന്നും ഈ നിയമം ബാധകമല്ലെന്നതാണ് വിചിത്രമായ സത്യം.