സമൂഹവ്യാപനമില്ല; കരുതല്‍ വേണം

22

രോഗവ്യാപനം തീവ്രമാകാം; മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍

ജനസംഖ്യാനുപാതികമായി നോക്കിയാല്‍
രോഗബാധ കുറവ്
കൈവിട്ടാല്‍ ഗുരുതരമാകും
സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം

ന്യൂഡല്‍ഹി: രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് 19 ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെസഡിക്കല്‍ റിസര്‍ച്ചിന്റെ(ഐ.സി.എം.ആര്‍) മുന്നറിയിപ്പ്. കോവിഡ് പ്രതിസന്ധി മാസങ്ങളോളം നീണ്ടു നില്‍ക്കുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വിശദീകരിക്കന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഐ.സി.എം. ആര്‍ വ്യക്തമാക്കി. അതേസമയം രാജ്യത്ത് കോവിഡ് 19ന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ഐ.സി.എം.ആര്‍ ആവര്‍ത്തിച്ചു.
നഗരങ്ങളിലെ ചേരികളില്‍ വൈറസ് വ്യാപനത്തിന് സാധ്യത കൂടുതലാണ്. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായിരുന്നു. അതിനാല്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള വീഴ്ചസംഭവിച്ചാല്‍ ഗുരുതര പ്രത്യാഘാതമായിരിക്കും നേരിടേണ്ടി വരിക.
ഇന്ത്യ വലിയ രാജ്യമാണ്. വൈറസ് വ്യാപനം താരതമ്യേന കുറവാണ്. ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ ഏറ്റവും കുറവ് രോഗവ്യാപനമുള്ള രാജ്യമാണ് ഇന്ത്യയെന്നും ഐ. സി.എം.ആര്‍ അവകാശപ്പെട്ടു.
രോഗമുക്തരാകുന്നവരുടെ എണ്ണം 49.21 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ചികിത്സയിലുള്ളവവരേക്കാള്‍ കൂടുതലാണ് രോഗമുക്തി നേടിയവരെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ നല്‍കുന്ന കണക്കനുസരിച്ചാണ് കേന്ദ്രം ഡേറ്റ തയ്യാറാക്കുന്നതെന്ന് അഗര്‍വാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ മരണ നിരക്ക് കുറച്ചു കാണിക്കുന്നുവെന്ന ആക്ഷേപങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങള്‍ മരണ നിരക്ക് അന്തിമമായി നിശ്ചയിക്കാന്‍ രണ്ടോ മൂന്നോ ദിവസം എടുക്കാറുണ്ട്. ഈ മാറ്റം കേന്ദ്രത്തിന്റെ കണക്കുകളിലും വരാം. ഡല്‍ഹി ഉള്‍പ്പെടെ ഒരിടത്തും ആസ്പത്രികളില്‍ കിടക്കകളുടെ അഭാവം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കണ്ടെയന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് ഇതുവരെ കേന്ദ്രം പുറത്തുവിട്ടിട്ടില്ല. പഠനം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് അഗര്‍വാളിന്റെ മറുപടി.
കോവിഡ് രൂക്ഷമെന്ന് കണക്കാക്കുന്ന 83 ജില്ലകളിലും ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി. ചുരുക്കം ചില ജില്ലകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും മാത്രമാണ് ഇതില്‍ മാറ്റമുള്ളത്. അതും ഒരു ശതമാനത്തില്‍നിന്ന് നേരിയ വര്‍ധന മാത്രം- ഐ.സി.എം.ആര്‍ ഡയരക്ടര്‍ ജനറല്‍ ബല്‍റാം ബാര്‍ഗവ പറഞ്ഞു. അതേസമയം സമൂഹ വ്യാപനം ഉണ്ടാവില്ലെന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈ,ഡല്‍ഹി നഗരങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഉറവിടം വ്യക്തമല്ലാത്ത കോവിഡ് കേസുകള്‍ കൂടുതലായി സ്ഥിരീകരിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഇത്തരമൊരു മറുപടി.
രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടമായാണ് സമൂഹവ്യാപനം കണക്കാക്കുന്നത്. ഉറവിടം വ്യക്തമാകാത്ത കോവിഡ് കേസുകള്‍ കൂടുതലായി സ്ഥിരീകരിക്കപ്പെടുന്നതാണിത്. ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. അതേസമയം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും സമൂഹവ്യാപനം നടന്നിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പ് മന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. 30,000 കോവിഡ് കേസുകളാണ് ഡല്‍ഹി നഗരത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നഗര ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകള്‍ പ്രകാരം 10 ദിവസത്തിനകം രോഗബാധിതര്‍ 50,000 കവിയും. ജൂലൈ 31ഓടെ രോഗികള്‍ അഞ്ചര ലക്ഷം കവിയുമെന്നാണ് നിഗമനം. രോഗ നിര്‍ണയ സംവിധാനങ്ങളുടെ അപര്യാപ്ത കാരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന കേസുകള്‍ ഇതിനു പുറമെയാണ്.
സ്ഥിരീകരിക്കപ്പെട്ടവയില്‍ 50 ശതമാനവും ഉറവിടം വ്യക്തമാകാത്ത കോവിഡ് കേസുകളാണെന്നും സത്യേന്ദ്ര ജെയിന്‍ കൂട്ടിച്ചേര്‍ത്തു. മുംബൈ നഗരത്തില്‍ രോഗബാധിതര്‍ 45,000 കവിഞ്ഞിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 798 ആയി ഉയര്‍ന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലാണ് മുംബൈയില്‍ കോവിഡ് രോഗികള്‍ കൂടുതലുള്ളത്. ഇവിടെ ഫീല്‍ഡിലുള്ള ഡോക്ടര്‍മാരും പറയുന്നത് സമൂഹ വ്യാപനം നടന്നു കഴിഞ്ഞിട്ടുണ്ടെന്നാണ്.

ഇന്നലെയും പതിനായിരത്തിനടുത്ത് കോവിഡ് കേസുകള്‍

രോഗവ്യാപനത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക്
ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് നീങ്ങുന്നു. ഇന്നലെയും പതിനായിരത്തിനടുത്ത് പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ച്ചയായ ഏഴാമത്തെ ദിവസമാണ് 9,500നുമുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 24 മണിക്കൂറിനിടെ 9996 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച 9985 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. രാജ്യത്ത് റെക്കോര്‍ഡ് കോവിഡ് മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പട്ടു. 24 മണിക്കൂറിനിടെ 357 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2,86,579 ആയി ഉയര്‍ന്നു. നിലവില്‍ കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. യു.എസ്, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നിവയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. നാലാം സ്ഥാനത്തുള്ള ബ്രിട്ടനില്‍ 2,91,409 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.