അബുദാബി: ഗള്‍ഫ് നാടുകളില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ സര്‍ട്ടിഫക്കറ്റ് വേണമെന്ന നിലപാടില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയില്ല. ഇതോടെ, പ്രവാസികള്‍ കൂടുതല്‍ പ്രയാസത്തിലേക്ക് നീങ്ങുന്നു.
ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നിബന്ധന പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നിലപാടില്‍ മാറ്റമില്ലെന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയുന്നു. ഇതോടെ, പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായിരുന്ന ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും ഇവ ഒരുക്കുന്ന സംഘടനകളും പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്.
രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവരെ ജൂണ്‍ 20 മുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ അനുവദിക്കരുതെന്ന നിബന്ധന തികച്ചും അപ്രായോഗികമാണ്. ഇതോടെ, നാടണയാനുള്ള മോഹത്തിനു മുന്നില്‍ വിലങ്ങുതടി വീഴുകയാണ്. മറ്റു മാര്‍ഗങ്ങളില്ലാത്തതിന്റെ പേരിലാണ് എത്രയും പെട്ടെന്ന് പ്രവാസികളെ നാട്ടിലെത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ കെഎംസിസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെന്ന ആശയവുമായി രംഗത്ത് വന്നത്.
നിബന്ധന പിന്‍വലിക്കുകയോ അല്ലെങ്കില്‍ അതിനാവശ്യമായ പണം ചെലവഴിക്കാന്‍ നോര്‍ക തയാറാവുകയോ വേണമെന്ന് കെഎംസിസി അബുദാബി സംസ്ഥാന പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍ ആവശ്യപ്പെട്ടു.