വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു

അഞ്ജലി

തിരൂരങ്ങാടി: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമി ല്ലാത്തതിനാല്‍ മനംനൊന്ത് ഒരു വിദ്യാര്‍ഥിനി കൂടി മലപ്പുറം ജില്ലയില്‍ ആത്മഹത്യ ചെയ്തു. തൃക്കുളം പന്താരങ്ങാടി ലക്ഷം വീട് കോളനിയിലെ കോട്ടുവലക്കാട് ദാസന്റെ മകള്‍ അഞ്ജലി (14) ആണ് മരിച്ചത്. തിരൂരങ്ങാടി ജി.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ഓണ്‍ലൈന്‍ സംവിധാനം വേണ്ട രീതിയില്‍ മനസിലാക്കാന്‍ കഴിയാത്തതിന്റെയും വീട്ടില്‍ മറ്റു സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യങ്ങളും കുട്ടിക്ക് മനോവിഷമംഉണ്ടാക്കിയിരുന്നു. മകള്‍ ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ പഠനം മനസ്സിലാകാത്തതിലും വേണ്ട സൗകര്യങ്ങളില്ലാത്തതിലുമാണെന്ന് അച്ഛന്‍ ദാസന്‍ പറഞ്ഞു. ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളുടെ പ്രയാസം പറഞ്ഞിരുന്നു. പഠനത്തിനായി വീട്ടിലുണ്ടായിരുന്ന ടി.വിക്കും ഒരു സ്മാര്‍ട് ഫോണിനും തകരാറുകള്‍ നേരിട്ടിരുന്നു. ഉച്ച ഭക്ഷണം കഴിച്ച് അമ്മയും സഹോദരങ്ങളും മയക്കത്തിലായിരുന്ന സമത്തായിരുന്നു സംഭവം. വീട്ടുകാരോടൊത്ത് സംസാരിച്ചു നിന്നിരുന്ന അഞ്ജലിയെ പിന്നീട് കാണാതായതോടെ നടത്തിയ പരിശോധനയില്‍ വീടിന്റെ പുറത്തുള്ള അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. തിരൂരങ്ങാടി എസ്.ഐ നൗഷാദ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. സഹോദരങ്ങള്‍: അമൃത, അപര്‍ണ, അനന്‍ കൃഷ്ണ.