പ്രിയതമക്ക് അന്ത്യചുംബനം നല്‍കാന്‍ ദീപക് അബുദാബി കെഎംസിസിയുടെ വിമാനത്തില്‍ മടങ്ങി

  ദീപക് അബുദാബി വിമാനതതാവളത്തില്‍

  അബുദാബി: നിറകണ്ണുകളും കരളലിയിക്കുന്ന വാക്കുകളുമായി വിമാനത്താവളത്തിലെത്തിയ കൊല്ലം ജില്ലയിലെ ദീപക്കിന് തന്റ സഹധര്‍മിണിക്ക് അന്ത്യചുംബനം നല്‍കാന്‍ അബുദാബി കെഎംസിസി വിമാനം തുണയായി.
  കോഴിക്കോട്ടേക്ക് ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ കെഎംസിസിയുടെ രണ്ടു വിമാനങ്ങള്‍ പോകുന്നതു കൊണ്ട് വിമാനത്താവളത്തില്‍ നല്ല തിരക്കാണ്. യാത്രക്കാരെ സഹായിച്ചും അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയും കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും സര്‍വ സജീവമാണ്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ കെഎംസിസിയെന്ന നാലക്ഷരം മിന്നിത്തിളങ്ങുന്നു.
  അതിനിടക്കാണ് ദീപക് എന്ന യുവാവ് തന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളുമായി എത്തിയത്. തന്റെ സഹധര്‍മിണിയുടെ അകാല വിയോഗം തീര്‍ത്ത തോരാത്ത കണ്ണീരുമായി വന്ന ദീപക്കിന് കോഴിക്കോട്ടേക്കുള്ള കെഎംസിസി വിമാനത്തില്‍ സീറ്റ് തരപ്പെടുത്തി യാത്രയാക്കുകയായിരുന്നു.
  നാടണയാന്‍ കൊതിച്ചിരിക്കുന്ന 360 പ്രവാസികളുടെ വിങ്ങുന്ന ഹൃദയത്തിന് ആശ്വാസം നല്‍കിയാണ് വ്യാഴാഴ്ച ഇത്തിഹാദിന്റെ രണ്ടു വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് പറന്നത്. അബുദാബി കെഎംസിസിയുടെ മൂന്നും നാലും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് വ്യാഴാഴ്ച ഉച്ചക്ക് യാത്ര തിരിച്ചത്. വിവിധ തരത്തില്‍ പ്രയാസമനുഭവിക്കുന്നവരുടെ നൊമ്പരങ്ങള്‍ക്ക് പരിഹാരമായാണ് കെഎംസിസിയുടെ ഓരോ വിമാനങ്ങളും പറന്നുയര്‍ന്നുയരുന്നത്.
  വിമാനത്താവളത്തില്‍ വ്യത്യസ്തമായ അനുഭവങ്ങളാണ് യാത്രക്കാര്‍ പങ്കു വെച്ചത്. അന്ത്യശ്വാസം വലിക്കാന്‍ കിടക്കുന്നവരെ ജീവന്‍ പൊലിയുന്നതിനു മുമ്പൊന്ന് കാണാന്‍ കൊതിക്കുന്നവര്‍, ഉദരത്തിലുള്ള കുഞ്ഞിന്റെ ജന്മം പിറന്ന മണ്ണിലാവാന്‍ പോകുന്നവര്‍, വിവിധ രോഗങ്ങള്‍ മൂലം വിഷമിക്കുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ട് നിത്യജീവിതത്തിന് പ്രയാസം നേരിടുന്നവര്‍ അങ്ങനെയങ്ങനെ വ്യത്യസ്തമായ അനുഭവങ്ങളുടെ ഉടമകള്‍ക്കാണ് കെഎംസിസി വ്യാഴാഴ്ചയും തുണയായത്.
  വരുംദിവസങ്ങളിലും കൂടുതല്‍ വിമാനങ്ങള്‍ ആയിരക്കണക്കിന് പ്രവാസികളുമായി കേരളത്തിലെത്തുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.