മെട്രോ മുഹമ്മദ് ഹാജി ഉജ്വല വ്യക്തിത്വം

  119
  മെട്രോ മുഹമ്മദ് ഹാജി

  നികത്താനാവാത്ത നഷ്ടം: ഇബ്രാഹിം എളേറ്റില്‍

  ദുബൈ: വ്യക്തിപരമായ തന്റെ വൈശിഷ്ട്യം കൊണ്ട് കര്‍മ മണ്ഡലങ്ങളില്‍ സുഗന്ധം പരത്തിയ ഉജ്വല വ്യക്തിത്വമായിരുന്നു അന്തരിച്ച മെട്രോ മുഹമ്മദ് ഹാജി(68)യുടേത്. കൈ വെച്ച മേഖലകളിലെല്ലാം അസാമാന്യമായ വിജയവും മേന്മയും അദ്ദേഹം അയാളപ്പെടുത്തി. മത-സാംസ്‌കാരിക-ബിസിനസ് രംഗങ്ങളില്‍ അനുപമമായ സ്പര്‍ശമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ അഭിപ്രായപ്പെട്ടു. മറക്കാനാവാത്ത സംഭാവനകള്‍ കൊണ്ട് കേരളത്തിന്റെ മത-സാംസ്‌കാരിക-സാമൂഹിക മണ്ഡലങ്ങളില്‍ അസുലഭമായ മുദ്രകള്‍ ചാര്‍ത്തി മുഹമ്മദ് ഹാജിയെന്നും എളേറ്റില്‍ പറഞ്ഞു. മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗം വിവിധ മേഖലകളില്‍ നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
  മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, സുന്നി യുവജന സംഘം ട്രഷറര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്നീ നിലകളിലും മദ്രസ മാനേജ്‌മെന്റ് അസോസിയേഷനിലും സുന്നി മഹല്ല് ഫെഡറേഷനിലും പട്ടിക്കാട് ജാമിഅ നൂരിയ്യയിലും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലും അദ്ദേഹം തന്റെ ഭാഗം നിര്‍വഹിച്ചു.
  മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയുടെ നടത്തിപ്പുകാരായ മുസ്‌ലിം പ്രിന്റിംഗ് ആന്‍ഡ് പബ്‌ളിഷിംഗ് കമ്പനിയുടെ ഡയറക്ടര്‍ കൂടിയായിരുന്നു മെട്രോ. സമുദായത്തിലെ മറ്റു പ്രസിദ്ധീകരണങ്ങളായ സുപ്രഭാതം ദിനപത്രം, ദര്‍ശന ചാനല്‍ എന്നിവയുമായും അദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിച്ചു.
  കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (ബുധന്‍) 12.30നായിരുന്നു അന്ത്യം. ഭാര്യ: സുഹറ. മക്കള്‍: മുജീബ്, ജലീല്‍, ഷമീം, ഖലീല്‍, കബീര്‍, സുഹൈല, ജുസൈല. മരുമക്കള്‍: ഫസല്‍ മാണിക്കോത്ത്, റൈഹാന, നിഷാന, ഷമീന, ഷമീമ, അസൂറ.

  മെട്രോ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടത് നാലു പതിറ്റാണ്ട് മുന്‍പ്

  നാലു പതിറ്റാണ്ട് മുന്‍പാണ് മുഹമ്മദ് ഹാജി മെട്രോ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടത്. 1970ല്‍ കാഞ്ഞങ്ങാട്ട് ആരംഭിച്ച ഹോട്ടലിനാണ് മെട്രോ എന്ന പേര് ആദ്യമിട്ടത്. അഞ്ചു വര്‍ഷ മാത്രമേ ആ ഹോട്ടല്‍ നടത്തിയുള്ളൂ. 1975ല്‍ യുവത്വത്തിന്റെ ഗള്‍ഫ് സ്വപ്നങ്ങളുമായി അദ്ദേഹം ഗള്‍ഫിലെത്തി. അവിടെ തുടങ്ങിയ സംരംഭങ്ങള്‍ക്കും മെട്രോ എന്നു തന്നെയായിരുന്നു പേര്‍ നല്‍കിയത്.
  1990 വരെ പ്രവാസിയായിരുന്ന മുഹമ്മദ് ഹാജി ഗള്‍ഫില്‍ പോകുന്നതിന് മുന്‍പു തന്നെ മുസ്‌ലിം ലീഗുമായും പാണക്കാട് കുടുംബവുമായും ഇഴയടുപ്പം സൂക്ഷിച്ചു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളില്‍ നിന്ന് തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നു. പാണക്കാട് കുടുംബം വഴി സമസ്തയിലേക്കും ഹാജി ബന്ധങ്ങള്‍ വ്യാപിപ്പിച്ചു.
  കാസര്‍സോട്ടെ മത സാഹോദര്യത്തിന്റെ ഇഴയടുപ്പങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ജീവിതം കൂടിയായിരുന്നു മെട്രോയുടേത്. വിവിധ മതസ്ഥരിലെ ആചാര്യന്മാരുമായി അടുത്ത ബന്ധം സൂക്ഷിച്ച നേതാവ്. അതില്‍ എടനീര്‍ സ്വാമിയും വേളി ചര്‍ച്ചിലെ പുരോഹിതനുമുണ്ടായിരുന്നു. മാണിക്കോത്തെ മാണിക്യ മംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പാട്രണ്‍ കൂടിയായിരുന്നു അദ്ദേഹം. ക്ഷേത്രോത്സവത്തിനെത്തി ആശംസ നേരുകയും ചര്‍ച്ചിലെ പള്ളിപ്പെരുന്നാളില്‍ അതിഥിയായി പങ്കെടുക്കുകയും ചെയ്ത പ്രിയങ്കരന്‍.
  മെട്രോ കാഞ്ഞങ്ങാട്ടുകാര്‍ക്ക് വറ്റാത്ത കാരുണ്യത്തിന്റെ ഉറവ കൂടിയാണ്. അതൊരിക്കലും അദ്ദേഹം വിളിച്ചു പറഞ്ഞില്ല. കൊടുക്കുന്തോറും ഏറി വരുന്ന അത്ഭുതമാണ് ദാനമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അസുഖമായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന നഴ്‌സുമാര്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ സമ്മാനിച്ചായിരുന്നു അദ്ദേഹത്തിന്റെ ‘ആഘോഷം’.
  രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗിന്റെ പച്ചക്കൊടിക്കു കീഴിലായിരുന്നു മുഹമ്മദ് ഹാജിയെങ്കില്‍ മതത്തില്‍ സമസ്തയുടെ തണലിലായിരുന്നു അദ്ദേഹം. പാണക്കാട് കുടുംബം വഴിയാണ് അദ്ദേഹം സമസ്തയിലെത്തിയത്.