തര്‍ക്കത്തിനൊടുവില്‍ ഡിന്നി ചാക്കോക്ക് ഇടവകപ്പള്ളിയില്‍ അന്ത്യ വിശ്രമം

10
ഡിന്നി ചാക്കോ

ചാലക്കുടി: അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കത്തിനുമൊടുവില്‍ കോവിഡ് ബാധിച്ച് മരിച്ച ഡിന്നി ചാക്കോക്ക് ഇടവകപ്പള്ളിയില്‍ അന്ത്യ വിശ്രമം. പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കുന്നത് സംബന്ധിച്ച് ഡിന്നിയുടെ വീട്ടുകാരും പള്ളി അധികൃതരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം ജില്ലാ ഭരണകൂടം ഇടപെട്ട് അവസാനിപ്പിച്ചതോടെയാണ് ഡിന്നിക്ക് പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമത്തിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ എട്ടിനാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചാലക്കുടി വി.ആര്‍.പുരം അസ്സീസി നഗര്‍ സ്വദേശി ഡിന്നി ചാക്കോ(43) മരണപ്പെട്ടത്. എന്നാല്‍ പള്ളിയില്‍ അടക്കാന്‍ കഴിയില്ലെന്ന് പള്ളി അധികൃതരും പള്ളിയില്‍ അടക്കണമെന്ന് വീട്ടുകാരും നിര്‍ബന്ധം പിടിച്ചതോടെ പ്രശ്‌നം വിവാദമാവുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ആഴത്തില്‍ കുഴിയെടുത്താണ് പ്രശ്‌നം പരിഹരിച്ചത്. കലക്ടര്‍ എസ്. ഷാനവാസ് ചാലക്കുടി തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. കോണ്‍ക്രീറ്റ് അറകളിലാണ് നിലവില്‍ പള്ളിയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുക. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പത്തടി താഴ്ച്ചയില്‍ കുഴിച്ച് വേണം സംസ്‌ക്കരിക്കാന്‍. ചതുപ്പ് പ്രദേശമായതിനാല്‍ അതിന് കഴിയില്ലെന്നായിരുന്നു പള്ളി കമ്മിറ്റിക്കാരുടെ വാദം. വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ച ശേഷം അവശിഷ്ടങ്ങള്‍ സെമിത്തേരിയിലെ അറയില്‍ സൂക്ഷിക്കാമെന്ന് പള്ളി അധികൃതര്‍ പറഞ്ഞെങ്കിലും വീട്ടുകാര്‍ യോജിച്ചില്ല. ഇതെത്തുടര്‍ന്ന് ഡിനിയുടെ മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലില്‍ പ്രശ്‌നപരിഹാരമായത്. മാലിയില്‍ കോളേജ് അധ്യാപകനായിരുന്ന ഡിനിയും കുടുംബവും കപ്പല്‍മാര്‍ഗമായിരുന്നു നാട്ടിലെത്തിയത്.