അബുദാബി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിവസം വന്നണഞ്ഞപ്പോള്‍ അത് സാധാരണക്കാര്‍ക്കും താഴേക്കിടയിലുള്ള തൊഴിലാളികള്‍ക്കും വിനയായി മാറി. നാട്ടിലേക്ക് പറക്കാന്‍ വിമാന ടിക്കറ്റെടുക്കാന്‍ കാത്തിരുന്ന ആയിരക്കണക്കിന് സാധാരണക്കാരായ പ്രവാസികളാണ് പുതിയ പ്രയാസത്തില്‍ അകപ്പെട്ടിരിക്കുന്നത്.
ജൂണ്‍ 4 മുതല്‍ ഗള്‍ഫ് നാടുകളില്‍ നിന്നും പോകുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ക്ക് നേരിട്ട് ടിക്കറ്റ് ബുക് ചെയ്യാനുള്ള സൗകര്യം ഞായറാഴ്ചയാണ് നടപ്പാക്കിയത്. പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കകം തന്നെ ആയിരക്കണക്കിന് പേരാണ് തങ്ങളുടെ യാത്ര ഉറപ്പ് വരുത്തിയത്. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാര്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി ഞായറാഴ്ച തന്നെ സീറ്റുകള്‍ മുഴുവന്‍ ബുക് ചെയ്യുകയായിരുന്നു.
എന്നാല്‍, ബാങ്ക് കാര്‍ഡുകളോ ഇന്റര്‍നെറ്റ് സംവിധാനങ്ങളോ ഇല്ലാത്ത സാധാരണക്കാരായ തൊഴിലാളികള്‍ തിങ്കളാഴ്ച രാവിലെ ടിക്കറ്റിനായി എത്തിയപ്പോഴേക്കും മുഴുവന്‍ ടിക്കറ്റുകളും മറ്റുള്ളവര്‍ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ജിഎസ്എ ആയ അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുടെ വിവിധ ഓഫീസുകള്‍ക്ക് പുറത്ത് നൂറുകണക്കിന് തൊഴിലാളികളാണ് ടിക്കറ്റിനായി തടിച്ചു കൂടിയത്.
ഷാര്‍ജയിലും അബുദാബിയിലും തിരക്ക് നിയന്ത്രിക്കാനാവാതെ ജീവനക്കാര്‍ക്ക് പ്രയാസപ്പെടേണ്ടി വന്നു. നീണ്ട ക്യൂവില്‍ രാവിലെ മുതല്‍ സ്ഥാനം പിടിച്ചവര്‍ പൊരിവെയിലത്ത് കൂടുതല്‍ വിഷമത്തിലായി മാറി. ഇവരില്‍ പ്രധാനമായും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മലയാളികളും ഏറെ നേരം കാത്തു നിന്നെങ്കിലും പലരും തിരിച്ചു പോരുകയായിരുന്നു.
വരുംദിവസങ്ങളിലും ഈ പ്രശ്നം പ്രവാസികള്‍ക്ക് കൂടുതല്‍ ദുരിതമാകുമെന്നതില് സംശയമില്ല. അബുദാബിയില്‍നിന്ന് 14 വിമാനങ്ങളും ദുബൈയില്‍ നിന്ന് 35 വിമാനങ്ങളുമാണ് വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍ വിമാനങ്ങളും കേരളത്തിലേക്കുള്ളവയാണ്. കോഴിക്കോട് 6, കണ്ണൂര്‍ 7, തിരുവനന്തപുരം 7, കൊച്ചി 13 എന്നിങ്ങനെ 33 വിമാനങ്ങള്‍ കേരളത്തിലേക്കും ഹൈദരാബാദ് 4, അമൃത്സര്‍ 2, ലഖ്നോ 4, ഡല്‍ഹി 2, ചെന്നൈ 4 എന്നിങ്ങനെയാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.