മുസഫയില്‍ അണുനശീകരണവും പരിശോധനയും പൂര്‍ത്തിയായി

64

അബുദാബി: കോവിഡ് – 19നെ തുരത്തുന്നതിന്റെ ഭാഗമായി മുസഫ വ്യവസായ നഗരിയില്‍ നടത്തിയ ശുചീകരണ യത്‌നവും കോവിഡ് പരിശോധനയും പൂര്‍ത്തിയായി. ആറാഴ്ചയായി നിരന്തരം നടത്തിവന്ന തീവ്രശ്രമത്തിന്റെ ഭാഗമായാണ് മുസഫ വ്യവസായ നഗരി അണുമുക്തമാക്കല്‍ പൂര്‍ത്തിയാക്കിയത്.
ഇതിന്റെ ഭാഗമായി 570,000പേര്‍ക്ക് കോവിഡ് പരിശോധന നടത്തുകയുണ്ടായി. 2730 കെട്ടിടങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. വ്യാപകമായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഏഴര ലക്ഷത്തിലധികം മാസ്‌കുകളാണ് ഇവിടെ വിതരണം ചെയ്യപ്പെട്ടത്.
ഓരോദിവസവും വ്യത്യസ്ഥ മേഖലകള്‍ പൂര്‍ണ്ണമായും അടച്ചിട്ടുകൊണ്ടാണ് അണുമു ക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അബുദാബി പൊലീസിന്റെ സഹായത്തോടെ ഓരോ മേഖലയും വാഹനങ്ങള്‍ക്കോ ജനങ്ങള്‍ക്കോ മാറിപ്പോകാന്‍ കഴിയാത്ത വിധം ലോക് ഡൗണ്‍ ചെയ്താണ് അണുമുക്തമാക്കിയത്.
ആരോഗ്യ പ്രവര്‍ത്തകരും വിവിധ വിഭാഗങ്ങളും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നു. ഇവിടെ താമസിക്കുന്നവര്‍ക്കും തൊഴിലാളികള്‍ക്കും പ്രയാസം അനുഭവപ്പെടാതിരിക്കാന്‍ 10 ലക്ഷം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്.