
മലപ്പുറം: മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് രോഗ ചികിത്സക്കും കുടുംബങ്ങളുടെ സംരക്ഷണത്തിനുമായി ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി സാമൂഹ്യസുരക്ഷാ സ്കീം ആരംഭിച്ചു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ആദ്യ അംഗത്വം നല്കി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് അംഗത്വ കാമ്പയിന് തുടക്കം കുറിച്ചത് മലപ്പുറം അസോസിയേഷന് ഫോര്‍ സെക്യൂരിറ്റി സ്കീം (മാസ്സ്) എന്നാണ് പദ്ധതിയുടെ പേര്. മുസ്ലിംലീഗിന്റെയും പോഷക സംഘടനകളുടെയും വാര്‍ഡ് കമ്മിറ്റി മുതല്‍ അഖിലേന്ത്യാ കമ്മിറ്റി വരെയുള്ള മലപ്പുറം ജില്ലയിലെ ഭാരവാഹികള്‍, പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള ജില്ലയിലെ കൗണ്‍സിലര്‍മാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, സഹകരണബാങ്ക് ഡയറക്ടര്‍മാര്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ അംഗങ്ങളായി ചേര്‍ക്കുന്നത്.
മാരകമായ രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ അരലക്ഷം രൂപയും അംഗം മരണപ്പെട്ടാല്‍ രണ്ട് ലക്ഷം രൂപ കുടുംബത്തിനും സഹായം നല്‍കുന്നതാണ് പദ്ധതി. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് അംഗത്വ കാമ്പയിന്. സുരക്ഷാ സ്കീമിന്റെ ബ്രോഷര്‍ അഖിലേന്ത്യാ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: യു.എ ലത്തീഫ് നല്കി പ്രകാശനം ചെയ്തു. ചടങ്ങില്‍ സുരക്ഷാ പദ്ധതിയുടെ കോഓര്‍ഡിനേറ്റര്‍ ഇസ്മായില്‍ മൂത്തേടം, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, നൗഷാദ് മണ്ണിശ്ശേരി, വി. മുസ്തഫ, അന്‍വര്‍ മുള്ളമ്പാറ, ഷമീര്‍ ഇടയാട്ടി, കബീര്‍ മുതുപറമ്പ്, പി.എ സലാം പങ്കെടുത്തു.