ബാങ്ക് അക്കൗണ്ട്, വ്യക്തിഗത വിവരങ്ങള്‍ പങ്കു വെക്കരുത്: ഐസിഎ

അബുദാബി: ബാങ്ക് അക്കൗണ്ട് സംബന്ധമായതോ വ്യക്തിപരമായതോ ആയ യാതൊരു വിവരങ്ങളും മറ്റുള്ളവരുമായി പങ്കു വെക്കരുതെന്ന് യുഎഇ ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ് (ഐസിഎ) അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകളും മറ്റു സ്ഥാപനങ്ങളും വ്യക്തികളെ നിരന്തരം ബോധവത്കരിക്കുന്നതിന് പുറമെയാണ് യുഎഇ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള
ഐസിഎ താക്കീതുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതുസംബന്ധമായി തട്ടിപ്പുകളും വഞ്ചനാ കേസുകളും ഇല്ലാതിരിക്കാനാണ് ഈ സന്ദേശം.
വ്യക്തിഗത വിവരങ്ങള്‍ ആരായാന്‍ മൊബൈല്‍ ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ അധികൃതര്‍ ആരെയും സമീപിക്കുന്നതല്ല. അതുകൊണ്ടുതന്നെ, ഇത്തരം വിവരങ്ങള്‍ കൈമാറ്റം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതുസംബന്ധിച്ച് കൂടുതല്‍ അറിയാന്‍ 600 522222 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.