മടക്ക വിമാനങ്ങള്‍ ഉറപ്പെന്നും വിശദീകരണം
ദുബൈ: വന്ദേ ഭാരത് മിഷനില്‍ നാട്ടിലേക്ക് പോകാനിരിക്കുന്ന ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും ഇന്ത്യക്കാര്‍ ടിക്കറ്റ് ലഭിക്കാന്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസില്‍ സന്ദര്‍ശിക്കേണ്ടതില്ലെന്നും അതിന് പകരം കോണ്‍സുലേറ്റിന്റെ ടോള്‍ ഫ്രീ നമ്പറായ 800 46342ല്‍ വിളിക്കുകയോ, അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍ നമ്പറായ 056 5463903, 054 3090575 എന്നിവയില്‍ ബന്ധപ്പെടുകയോ ആണ് വേണ്ടതെന്നും കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. നിരവധിയാളുകള്‍ ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍സുലേറ്റില്‍ വന്നു കൊണ്ടിരിക്കുകയാണ്. ടിക്കറ്റ് ലഭിക്കാനുള്ള ശരിയായ മാര്‍ഗം അതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ”കണ്‍ഫേം ചെയ്ത ടിക്കറ്റ് ലഭിക്കുമെന്ന് കരുതി ജനങ്ങള്‍ കോണ്‍സുലേറ്റ് കാമ്പസില്‍ തടിച്ചു കൂടരുത്. നിയമത്തിന്റെ കണ്ണിലും കോവിഡ് 19 സാഹചര്യത്തിലും അത് ശരിയല്ല” -അദ്ദേഹം വ്യക്തമാക്കി. മേല്‍ വിഷയത്തില്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചു വരികയാണ്. കോണ്‍സുലേറ്റില്‍ ഈയാവശ്യത്തിനായി കഴിയുമെങ്കില്‍ പരമാവധി നേരിട്ട് വരരുത്. എല്ലാവരോടുമുള്ള അഭ്യര്‍ത്ഥനയാണിത്. ഫോണിലൂടെയോ ഇമെയില്‍ മുഖേനയോ മാത്രം തങ്ങളെ ബന്ധപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാട്ടിലേക്ക് തിരിച്ചു പോകാനായി ഇന്ത്യന്‍ പൗരന്മാരില് നിന്നും കോണ്‍സുലേറ്റ് അപേക്ഷകള്‍ സ്വീകരിച്ചു വരികയാണ്. അവരില്‍ ഭൂരിഭാഗവും നിര്‍ദിഷ്ട വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുമാണ്. ഇന്ത്യയിലേക്ക് തിരിച്ചു പോകാനാഗ്രഹിക്കുന്നവര്‍ക്ക് സുതാര്യത ഉറപ്പു വരുത്തി ഏറ്റവും ആവശ്യക്കാരായ വ്യക്തികളെ തെരഞ്ഞെടുക്കാന്‍ കോണ്‍സുലേറ്റ് പരിശ്രമിച്ചു വരികയാണ്. ”ഇന്ത്യയിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും കാത്തിരിപ്പിന്റെ മന:പ്രയാസം ഞങ്ങള്‍ മനസ്സിലാക്കുന്നു. ദയവു ചെയ്ത് ക്ഷമ കാട്ടുക. കൂടുതല്‍ വിമാനങ്ങള്‍ വരുന്നുണ്ട്. ജനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോകാന്‍ സാധിക്കും. നമുക്ക് ഒരുമിച്ചു നിന്നും ക്ഷമയോടെയും പ്രവര്‍ത്തിക്കേണ്ടതുണ്ട്” -വിപുല്‍ വിശദീകരിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോണ്‍സുലേറ്റില്‍ നൂറുകണക്കിനാളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍സുല്‍ ജനറല്‍ ഇങ്ങനെയൊരു അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നത്.
നാട്ടിലേക്ക് പോകാന്‍ ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍, പോകാന്‍ തയാറാണോയെന്ന് ചോദിച്ച് കോണ്‍സുലേറ്റില്‍ നിന്നും വിളി വന്നിട്ടും എയര്‍ ഇന്ത്യയില്‍ നിന്നും വിളിച്ചില്ലെന്നതിനാല് അതുസംബന്ധിച്ച വ്യക്തതക്കും അന്വേഷണങ്ങള്‍ക്കും അപേക്ഷാ സമര്പ്പണത്തിനുമായാണ് ആളുകള്‍ കോണ്‍സുലേറ്റിലെത്തുന്നത്. ജനബാഹുല്യം കൂടിയപ്പോള്‍ അത് കോണ്‍സുലേറ്റിന് പുറത്തേക്കും നീണ്ടു. ഉദ്യോഗസ്ഥരെ കണ്ട് സംസാരിക്കാനും മറ്റുമായി കുടുംബങ്ങളടക്കം നൂറുകണക്കിനാളുകള്‍ പൊരിവെയിലത്ത് ക്യൂ നില്ക്കുന്നു. ക്രമേണയായി ആളുകള്‍ വര്‍ധിക്കുന്നത് കണ്ടപ്പോഴാണ് കോണ്‍സുലേറ്റില്‍ നേരില്‍ സന്ദര്‍ശിക്കേണ്ടതില്ലെന്ന് അഭ്യര്‍ത്ഥന നടത്തിയത്.
അതേസമയം, പോകാന്‍ അര്‍ഹതയുള്ളവരെ ഇതു വരെയും വിളിച്ചില്ലെന്ന പരാതി വ്യാപകമായുണ്ട്. അനര്‍ഹര്‍ കയറിപ്പോകുന്നുവെന്ന ആക്ഷേപവുമുണ്ട്. ഗര്‍ഭിണികളടക്കം പരമപ്രധാന പരിഗണന ലഭിക്കേണ്ടവര്‍ ഇപ്പോഴും കാത്തു നില്‍ക്കുന്നുവെന്നത് എടുത്തു പറയേണ്ടതാണ്. ഏതായാാലും, ഇവര്‍ക്കെല്ലാം എത്രയും പെട്ടെന്ന് തിരിച്ചു പോകാന്‍ വേണ്ടതു ചെയ്യുമെന്നാണ് കോണ്‍സുല്‍ ജനറല്‍ ഉറപ്പു നല്‍കുന്നത്.
മെയ് 7ന് വന്ദേ ഭാരത് മിഷന് ആരംഭിച്ച ശേഷം എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്സ് മുഖേന ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കായി 60ലധികം വിമാനങ്ങളിലൂടെ ഏകദേശം 11,000 ഇന്ത്യക്കാരെ എത്തിക്കാന്‍ സാധിച്ചുവെന്ന് കോണ്‍സുലേറ്റ് പറഞ്ഞു. 42 മൃതദേഹങ്ങളും അയച്ചു. തിങ്കളാഴ്ച ദുബൈ-ഗയ, കൊച്ചി, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, ഗോവ എന്നീ വിമാനത്താവളങ്ങളിലേക്ക് 1,025 പേരെ എത്തിച്ചു. വന്ദേ ഭാരത് മിഷന് നിലവില്‍ വന്ന ശേഷം അബുദാബിയില്‍ നിന്നും മെയ് 31 വരെ ഇന്ത്യയിലെ വിവിധ വിമാനത്താളങ്ങളിലേക്കായി 5,642 ഇന്ത്യക്കാരെ എത്തിച്ചു. ഇതുവരെ ആകെ 23 സ്പെഷ്യല്‍ വിമാനങ്ങളിലായി 4,074 യാത്രക്കാരെ കൊണ്ടുപോയി. അതേസമയം, 1,568 യാത്രക്കാര്‍ ഒമ്പത് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലാണ് നാട്ടിലെത്തിയത്. അബുദാബിയില്‍ നിന്ന് ഒരു മൃതദേഹവും അയച്ചു. കൊറോണ മഹാമാരിയെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ല്ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ജൂണ്‍ 4നും 6നുമിടക്ക് അധിക വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ വെള്ളിയാഴ്ച പ്രഖയാപിച്ചിരുന്നു. അമേരിക്ക,ല്‍ ബ്രിട്ടന്, ജര്‍മനി, ദക്ഷിണ കൊറിയ, ന്യൂ സീലാന്റ്, സ്വീഡന് എന്നീ രാജ്യങ്ങളില്‍ നിന്നും വിമാനങ്ങളിലൂടെ ഇന്ത്യക്കാരെ എത്തിക്കും.