ദുബൈ വിമാന യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

  35

  പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ജൂണ്‍ 23 മുതല്‍ വിദേശയാത്രക്ക് അനുവാദം

  ദുബൈ: ദുബൈയിലേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി പുതിയ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു.
  കൊറോണ വൈറസ് ആരംഭിച്ചതു മുതല്‍ ലോകമെമ്പാടും കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് അവരുടെ യാത്രാ പദ്ധതികള്‍ പുനരാരംഭിക്കാന്‍ പുതിയ പ്രഖ്യാപനം സഹായകമാകും.
  ഇന്ന് (ജൂണ്‍ 22 തിങ്കളാഴ്ച) മുതല്‍ ദുബൈയില്‍ ഇഷ്യു ചെയ്യുന്ന റെസിഡന്‍സി വിസ കൈവശമുള്ള വിദേശ പൗരന്മാരെ ദുബൈയിലേക്ക് മടങ്ങാന്‍ അനുവദിക്കുന്ന തീരുമാനമെടുത്തതായി സുപ്രീം കമ്മിറ്റി അറിയിച്ചു. താന്താങ്ങളുടെ രാജ്യങ്ങള്‍ക്ക് സ്വീകാര്യമെങ്കില്‍ ജൂണ്‍ 23 ചൊവ്വാഴ്ച മുതല്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഏതെങ്കിലും വിദേശ രാജ്യത്തേക്ക് പോകാന്‍ ഇത് അനുവദിക്കും. കൂടാതെ, അവര്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ വ്യക്തമാക്കിയ മുന്‍കരുതല്‍ നടപടികള്‍ നിരീക്ഷിക്കാന്‍ അവര്‍ പ്രതിജ്ഞാബദ്ധരായിരിക്കണം. 2020 ജൂലൈ 7 മുതല്‍ വിദേശത്ത് നിന്നുള്ള സന്ദര്‍ശകരെയും വിനോദ സഞ്ചാരികളെയും സ്വാഗതം ചെയ്യാനും കമ്മിറ്റി തീരുമാനിച്ചു.
  ദുബൈ വിമാനത്താവളങ്ങളിലേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രൊട്ടോകോളുകളും പ്രതിരോധ നടപടികളും പുതിയ തീരുമാനങ്ങളെ പിന്തുണക്കുന്നു.
  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം എന്നിവരുടെ നിര്‍ദേശപ്രകാരമാണ് ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റി ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
  ദേശീയ, പ്രാദേശിക തലങ്ങളില്‍ നടപ്പാക്കിയ കര്‍ശന മുന്‍കരുതല്‍ നടപടികളിലൂടെ എമിറേറ്റ് വൈറസിനെ നേരിടുന്നതില്‍ കൈവരിച്ച പുരോഗതിക്ക് ലോകമെമ്പാടും പ്രശംസ ലഭിച്ചുവെന്ന് കമ്മിറ്റി അറിയിച്ചു. ആഗോള മഹാമാരിയോടുള്ള ദുബൈയുടെ ദ്രുത പ്രതികരണവും സര്‍ക്കാറിന്റെയും സ്വകാര്യ മേഖലയുടെയും സമന്വയ ശ്രമങ്ങളും സമൂഹത്തിന്റെ പ്രതിബദ്ധതയും വൈറസിന്റെ വ്യാപനം ഗണ്യമായി കുറക്കാന്‍ സഹായിച്ചു.

   

  യുഎഇ നിവാസികളുടെ മടങ്ങിവരവ്

  ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സും (ജിഡിആര്‍എഫ്എ ദുബൈ) എയര്‍ലൈനും തമ്മില്‍ ഏകോപിപ്പിച്ച അനുമതി നേടണമെന്ന വ്യവസ്ഥയില്‍ ദുബൈ നല്‍കിയ വിസ കൈവശമുള്ള താമസക്കാര്‍ക്ക് ഏത് എയര്‍ലൈനിലും പ്രീബുക്കിംഗ് ഫ്‌ളൈറ്റുകള്‍ വഴി എമിറേറ്റിലേക്ക് മടങ്ങാന്‍ അനുവാദമുണ്ട്. കോവിഡ് 19 ലക്ഷണങ്ങളില്ലെന്ന് സ്ഥിരീകരിക്കാനായി യാത്ര ആരംഭിക്കുന്നതിന് മുന്‍പ് താമസക്കാര്‍ ഒരു ‘ആരോഗ്യ പ്രഖ്യാപന ഫോറം’ പൂരിപ്പിക്കണം. കോവിഡ് 19ന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ യാത്രക്കാര്‍ കാണിക്കുന്നുണ്ടെങ്കില്‍ ബോര്‍ഡിംഗ് നിരസിക്കാന്‍ എയര്‍ലൈന് അവകാശമുണ്ട്.
  ദുബൈ വിമാനത്താവളത്തിലെത്തുമ്പോള്‍ എല്ലാ ജീവനക്കാര്‍ക്കും കോവിഡ് 1 നായി സ്‌ക്രീന്‍ ചെയ്യുന്നതിന് പിസിആര്‍ പരിശോധന നടത്തേണ്ടി വരും. താമസക്കാര്‍ ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പായി ഓണ്‍ലൈനില്‍ ലഭ്യമായ കോവിഡ് 19 ദുബൈ സ്മാര്‍ട് ആപ്‌ളികേഷനില്‍ അവരുടെ പൂര്‍ണ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.
  കോവിഡ് 19 പരിശോധനാ ഫലം ലഭിക്കുന്നതു വരെ ദുബൈയില്‍ പ്രവേശിക്കുന്നവര്‍ വീട്ടില്‍ നിന്ന് പുറത്ത് പോകരുത്. അവര്‍ പോസിറ്റീവ് ആണെന്ന ഫലം വരികയാണെങ്കില്‍ 14 ദിവസത്തേക്ക് വീട്ടില്‍ ക്വാറന്റീനിലാവണം.
  പോസിറ്റീവ് ആണെങ്കില്‍ വീടുകള്‍ പങ്കിടുന്നവരോ ഉയര്‍ന്ന സാന്ദ്രതയുള്ള ഭവന സൗകര്യങ്ങളില്‍ താമസിക്കുന്നവരോ ഒരു സ്ഥാപന സൗകര്യത്തില്‍ ക്വാറന്റീനിലാവേണ്ടതുണ്ട്. കോവിഡ് 19 കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ അംഗീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി റെസിഡന്റ്‌സ് തൊഴിലുടമ ക്വാറന്റീന്‍ സൗകര്യത്തിനായി ഒരുക്കങ്ങള്‍ നടത്തണം. അല്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കുന്ന പണമടച്ചുള്ള ഐസൊലേഷന്‍ സൗകര്യത്തിന്റെ ചെലവ് വഹിക്കണം.

   

  വിദേശ യാത്ര ചെയ്യുന്ന പൗരന്മാരും താമസക്കാരും

  പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പോകാന്‍ കഴിയുന്ന വിദേശ ലക്ഷ്യ സ്ഥാനങ്ങളില്‍ യാതൊരു നിയന്ത്രണവും ഉണ്ടാവില്ല. എന്നിരുന്നാലും, അവര്‍ യാത്ര ചെയ്യുന്ന രാജ്യങ്ങളില്‍ പിന്തുടരുന്ന മാര്‍ഗ നിര്‍ദേശങ്ങളും പ്രോട്ടോക്കോളുകളും പാലിക്കേണ്ടതുണ്ട്. തങ്ങള്‍ക്ക് കോവിഡ് 19 ലക്ഷണങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിക്കുന്നതിന് മുന്‍പായി അവര്‍ ഒരു ‘ആരോഗ്യ പ്രഖ്യാപന ഫോറം’ പൂരിപ്പിക്കേണ്ടതുണ്ട്. കോവിഡ് 19 ന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ബോര്‍ഡിംഗ് നിരസിക്കാന്‍ എയര്‍ലൈന് അവകാശമുണ്ട്.
  ദുബൈയിലേക്ക് മടങ്ങുമ്പോള്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന നടത്തേണ്ടി വരും. കോവിഡ് 19 ദുബൈ ആപ്‌ളിക്കേഷനില്‍ അവര്‍ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും അവരുടെ പരിശോധനാ ഫലങ്ങള്‍ ലഭ്യമാകുന്നതു വരെ വീട്ടില്‍ തന്നെ പരിമിതപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധരാവുകയും വേണം. അവര്‍ കോവിഡ് 19 പോസിറ്റീവ് ആണെങ്കില്‍, 14 ദിവസത്തേക്ക് സ്വയം ക്വാറന്റീനില്‍ പോകണം. കൂടാതെ, കോവിഡ് 19 കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ വ്യക്തമാക്കിയ എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും നടപടികളും പാലിക്കണം.
  (ട്രിബ്യൂട്: ജിഎന്‍)