വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാവരുത്: ദുബൈ കെഎംസിസി

473

ദുബൈ: പ്രവാസികളെ നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ദുബൈ കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ നടപടിക്രമങ്ങള്‍ ത്വരിത ഗതിയില്‍ പുരോഗമിച്ചു വരികയാണ്. വിവിധ അധികാര കേന്ദ്രങ്ങളില്‍ നിന്നും പൂര്‍ണാനുമതി ലഭിക്കുന്ന മുറയ്ക്ക് ദുബൈ കെഎംസിസിയില്‍ രജിസ്റ്റര്‍ ചെയ്ത ആളുകളെ നാട്ടിലെത്തിക്കാന്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. എന്നാല്‍, കെഎംസിസി ചാര്‍ട്ടേര്‍ഡ് വിമാനവുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ട് കൊണ്ട് പല കോളുകളും വ്യാപകമായി പലര്‍ക്കും വരുന്നുണ്ടെന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഇതു വരെ ടിക്കറ്റുമായി ബന്ധപ്പെട്ട് ഒരു ചുമതലയും ദുബൈ കെഎംസിസി ആര്‍ക്കും നല്‍കിയിട്ടില്ല. അത്തരം വ്യാജ സന്ദേശങ്ങളില്‍ ആരും വഞ്ചിതരാവരുതെന്നും സംഘടനയുടെ പേരില്‍ ഫോണ്‍ കോളുകളോ മറ്റ് സന്ദേശങ്ങളോ നല്‍കുന്നത് നിയമപരമായി കുറ്റകരമാണെന്നും സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങരയും ജന.സെക്രട്ടറി മുസ്തഫ തിരൂരും അറിയിച്ചു..