ദുബൈ കെഎംസിസിയുടെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം പറന്നു

    311

    ദുബൈ: ദുബൈ കെഎംസിസി ചാര്‍ട്ടര്‍ ചെയ്യുന്ന പ്രഥമ ഘട്ടത്തിലെ മൂന്നു വിമാനങ്ങളിലെ ആദ്യത്തേത് ഷാര്‍ജയില്‍ നിന്നും ഇന്ന് (വ്യാഴം) രാവിലെ 9 മണിക്ക് പറന്നുയര്‍ന്നു. അക്ബര്‍ ട്രാവല്‍സുമായി സഹകരിച്ചുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 171 യാത്രക്കാരാണ് യാത്ര ചെയ്തത്. യാത്രക്ക് മുന്‍പ് നടത്തിയ കോവിഡ് 19 ടെസ്റ്റില്‍ മുഴുവന്‍ യാത്രക്കാരും നെഗറ്റീവായതിനാല്‍ എല്ലാവര്‍ക്കും യാത്ര ചെയ്യാന്‍ സാധിച്ചു.

    ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡന്റുമാരായ റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, സെക്രട്ടറിമാരായ കെ.പി.എ സലാം, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ യാത്രക്കാരെ യാത്രയാക്കാനും നടപടിക്രമങ്ങള്‍ക്കുമായി ഷാര്‍ജ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ഗര്‍ഭിണികള്‍, പ്രായമായവര്‍, മെഡിക്കല്‍ എമര്‍ജെന്‍സി ആവശ്യമുള്ളവര്‍, വിസിറ്റ് വിസാ കാലാവധി തീര്‍ന്നവര്‍, തൊഴില്‍ നഷ്ടമായവര്‍ തുടങ്ങിയ ഇന്ത്യന്‍ എംബസി നിഷ്‌കര്‍ഷിച്ച മുന്‍ഗണനാ ക്രമം പാലിച്ചാണ് ആളുകളെ യാത്രക്കായി തെരഞ്ഞെടുത്തതെന്ന് ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര മിഡില്‍ ഈസ്റ്റ് ചന്ദ്രികയെ അറിയിച്ചു.
    നാളത്തെ രണ്ടു ഇന്‍ഡിഗോ വിമാനങ്ങള്‍ ഷാര്‍ജയില്‍ നിന്നും പുലര്‍ച്ചെ 2 മണിക്കും രാവിലെ 9മണിക്കും കോഴിക്കോട്ടേക്ക് തന്നെയാണ്. യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് 5 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിച്ചേരണം.
    അടുത്താഴ്ച ചാര്‍ട്ടര്‍ ചെയ്യുന്ന ദുബൈ കെഎംസിസിയുടെ 30 വിമാനങ്ങള്‍ കണ്ണൂരിലേക്കായിരിക്കും സര്‍വീസ് നടത്തുക. ശേഷിക്കുന്ന 10 വിമാനങ്ങള്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.